ഡൊണാൾഡ് ട്രംപ് Source: X / The White House
WORLD

"ഈ യുദ്ധത്തിലെ തൻ്റെ പ്രിയപ്പെട്ട ലക്ഷ്യം"; വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ടെഹ്‌റാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നതിന് പിന്നാലെ തൻ്റെ പ്രിയപ്പെട്ട ലക്ഷ്യം വെളിപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണ കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നും, ടെഹ്‌റാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ വെളിപ്പെടുത്തൽ.

"സത്യം പറഞ്ഞാൽ, ഇറാനിലെ എണ്ണ വാങ്ങുന്നതാണ് എൻ്റെ പ്രിയപ്പെട്ട കാര്യം. പക്ഷേ യുഎസിലെ ചില മണ്ടന്മാർ പറയുന്നത്, 'നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ്. പക്ഷേ അവർ മണ്ടന്മാരാണ് എന്നും ട്രംപ് പറഞ്ഞു. ദ്വീപിലെ ഇറാൻ്റെ പ്രതിരോധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്ക് യാതൊരു പ്രതിരോധവുമില്ലെന്ന് ഞാൻ കരുതുന്നു എന്നും, വളരെ എളുപ്പത്തിൽ പിടിച്ചെടുക്കാമെന്ന് കരുതുന്നു എന്നുമാണ് ട്രംപിൻ്റെ മറുപടി.

എണ്ണ ശേഖരത്തിനായി നിരവധി രാജ്യങ്ങളിൽ ഭരണമാറ്റ യുദ്ധങ്ങൾ നടത്തിയതായി മുൻകാലങ്ങളിൽ യുഎസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് പരസ്യമായി സമ്മതിച്ച ആദ്യത്തെ പ്രസിഡൻ്റ് ട്രംപാണ്. ഗൾഫ് രാജ്യങ്ങളിലുടനീളം സംഘർഷം പടർന്നുപിടിക്കുകയും ഊർജകേന്ദ്രങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും അസംസ്കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.

10000 ത്തോളം സൈനികരെ ഇറാനിലേക്ക് അയച്ചുകൊണ്ട് പെൻ്റഗൺ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവനയും വന്നത്. 2,200 മറൈനുകൾ ഉൾപ്പെടെ ഏകദേശം 3,500 പേർ കഴിഞ്ഞയാഴ്ച അവിടെ എത്തിയെന്നും 2,200 മറൈനുകളും 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളും ഇതിൽ പങ്കാളികളാകുന്നു എന്നും റിപ്പോർട്ടുണ്ടായിരുന്നു.

SCROLL FOR NEXT