യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: ANI
WORLD

"ഞാന്‍ സ്വർഗത്തിൽ എത്തുന്നെങ്കില്‍ അതിന് കാരണം..."; സമാധാന നൊബേല്‍ അല്ല ട്രംപിന്റെ ലക്ഷ്യം

സ്വർഗത്തിലെത്താന്‍ സാധ്യമാണോ എന്ന് ഒന്ന് ശ്രമിച്ചുനോക്കണം - ട്രംപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: റഷ്യ- യുക്രെയ്‌ന്‍ സമാധാന കരാർ തനിക്ക് സ്വർഗത്തിലെത്താനുള്ള സാധ്യത വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വർഗ കവാടം കടക്കാന്‍ നിലവില്‍ സാധ്യത കുറവാണെന്നും ട്രംപ് തമാശയായി പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കണമെന്ന് 79 കാരനായ യുഎസ് പ്രസിഡന്റ് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍, യുക്രെയ്ന്‍ പ്രസിഡന്റ്മാർക്ക് യുഎസില്‍ ആതിഥേയത്വം വഹിച്ചതിന് പിന്നാലെ തന്റെ ലക്ഷ്യം നൊബേല്‍ മാത്രമല്ല, അതിനും അപ്പുറത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്.

"സ്വർഗത്തിലെത്താന്‍ സാധ്യമാണോ എന്ന് ഒന്ന് ശ്രമിച്ചുനോക്കണം. ഞാൻ ശരിക്കും ടോട്ടം പോളിന്റെ അടിയിലാണെന്നാണ് കേൾക്കുന്നത്! പക്ഷേ ഞാന്‍ സ്വർഗത്തിലെത്തുന്നെങ്കില്‍ അതിന് ഒരു കാരണം ഇതായിരിക്കും," സമാധാന കരാറിനെ ഉദ്ദേശിച്ച് ഫോക്‌സ് ന്യൂസിന്റെ പ്രഭാത പരിപാടിയായ "ഫോക്‌സ് & ഫ്രണ്ട്‌സില്‍" കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞു.

കഴിഞ്ഞ വർഷം പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനുശേഷം ട്രംപിന്റെ പ്രസ്താവനകളില്‍ മതപരമായ പരാമർശങ്ങള്‍ വരുന്നത് വർധിച്ചിരുന്നു. ജനുവരിയിൽ നടന്ന തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍, "അമേരിക്കയെ വീണ്ടും മഹത്തരമാക്കാനാണ് ദൈവം തന്നെ രക്ഷിച്ചത്" എന്നാണ് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസില്‍ നിരവധി പ്രാർഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്ന ട്രംപ് അതിനായി പോളാ വൈറ്റ് എന്ന ഒരു ആത്മീയ ഉപദേശകയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രസിഡന്റിന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. നമ്മളെല്ലാവരെയും പോലെ പ്രസിഡന്റും സ്വർഗത്തിൽ എത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ലീവിറ്റിന്റെ പ്രതികരണം.

SCROLL FOR NEXT