ഡൊണൾഡ് ട്രംപ് Source: x/ White House
WORLD

"തൻ്റെ ഇടപെടലിലൂടെ ഒഴിവായത് ആണവയുദ്ധം"; ഇന്ത്യ-പാക് വെടിനിർത്തലിൽ അവകാശവാദം തുടർന്ന് ട്രംപ്

സംഘർഷം അവസാനിപ്പിക്കാതെ നിങ്ങളുമായി വ്യാപാരം ചെയ്യില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നാണ് ട്രംപ് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ സിറ്റി: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ആണവയുദ്ധത്തിന്‍റെ പടിക്കലെത്തി നിന്ന യുദ്ധം തൻ്റെ ഇടപെടലിലൂടെയാണ് ഒഴിവായത്. ഇതുകൂടാതെ ചെറുതും വലുതുമായ ഏഴോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.

തൻ്റെ വ്യാപാര തന്ത്രങ്ങളാണ് ഈ ഏഴിൽ നാല് യുദ്ധങ്ങളും അവസാനിപ്പിച്ചതെന്നാണ് ട്രംപിൻ്റെ അവകാശവാദം. സംഘർഷം അവസാനിപ്പിക്കാതെ നിങ്ങളുമായി വ്യാപാരം ചെയ്യില്ലെന്ന് താന്‍ അറിയിച്ചെന്നും, വെടിനിർത്തലില്‍ എത്താന്‍ 24 മണിക്കൂർ സമയം അനുവദിച്ചെന്നും ട്രംപ് അഭിപ്രായപ്പെടുന്നു.

തൻ്റെ ഇടപെടലുണ്ടാവുമ്പോഴേക്കും ഏഴ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നു. എന്നാൽ ആരുടെ യുദ്ധവിമാനങ്ങളാണ് തകർന്നതെന്നതടക്കം വിശദാംശങ്ങളെ പറ്റി ഇത്തവണയും ട്രംപ് യാതൊരു സൂചനയും നൽകിയില്ല.സംഘർത്തിനിടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് മുന്‍പ് പറഞ്ഞ ട്രംപ് ഇത്തവണ ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പറഞ്ഞത്. ദക്ഷിണകൊറിയന്‍ പ്രസിഡന്‍റുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. പിന്നാലെ, പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരം ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിക്കുകയും സൈനിക നടപടി അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനു മുന്‍പേ ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ത്യ അന്നുതന്നെ ട്രംപിൻ്റെ അവകാശവാദം തള്ളിയിരുന്നു. എന്നിട്ടും താൻ ആണ് സംഘർഷം അവസാനിപ്പിച്ചതെന്ന വാദം ട്രംപ് ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.

SCROLL FOR NEXT