WORLD

ഇറാന്റെ നിര്‍ദേശങ്ങള്‍ തള്ളി ട്രംപ്; ഇനി അധികം ചിരിക്കില്ലെന്നും മുന്നറിയിപ്പ്

ഇറാന്‍ പതിറ്റാണ്ടുകളായി അമേരിക്കയെ നോക്കി പരിഹസിക്കുകയാണെന്നും പല കളികള്‍ കളിക്കുകയാണെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദേശങ്ങള്‍ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നിബന്ധനകള്‍ തികച്ചും അസ്വീകാര്യമാണെന്നാണ് ട്രംപിന്റെ വാദം. ഇതോടെ, പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാകുകയാണ്.

ഇറാന്റെ നിര്‍ദേശങ്ങളെല്ലാം വായിച്ചുവെന്നും തനിക്കത് ഇഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്. ഇതിനിടയില്‍ ഇറാനെതിരെ പുതിയ ഭീഷണിയും ട്രംപ് ഉയര്‍ത്തിയിരുന്നു. ഇറാന്‍ പതിറ്റാണ്ടുകളായി അമേരിക്കയെ നോക്കി പരിഹസിക്കുകയാണെന്നും പല കളികള്‍ കളിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ആരോപിച്ചു.

ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയേയും ട്രംപ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ യുഎസിനോടും ലോകത്തിന്റെ ബാക്കി ഭാഗങ്ങളോടും കളിച്ചു കൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ ബരാക് ഒബാമ യുഎസിന്റെ പ്രസിഡന്റായപ്പോള്‍ അവര്‍ക്ക് ലോട്ടറി അടിച്ചെന്നുമാണ് ട്രംപ് പോസ്റ്റില്‍ പറയുന്നത്.

ഇറാനോട് നന്നായി പെരുമാറുക മാത്രമല്ല ഒബാമ ചെയ്തത്, മറിച്ച് ഇസ്രയേലിനെയും മറ്റ് സഖ്യകക്ഷികളെയും കൈവിട്ട് അവരുടെ പക്ഷത്തേക്ക് പോയി അവര്‍ക്ക് വലിയ രീതിയിലുള്ള പുതിയ ജീവന്‍ നല്‍കുകയായിരുന്നു. നൂറുകണക്കിന് ബില്യണ്‍ ഡോളറുകളും, 1.7 ബില്യണ്‍ ഡോളര്‍ പണമായും വിമാനത്തില്‍ ടെഹ്റാനിലേക്ക് പറത്തി അവര്‍ക്ക് വെള്ളിത്തളികയില്‍ വെച്ച് നല്‍കി.

ഡി.സി, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലെ എല്ലാ ബാങ്കുകളും ശൂന്യമാക്കപ്പെട്ടു. അതത്രയും വലിയ തുകയായിരുന്നു, അത് അവിടെ എത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് ആ ഇറാനിയന്‍ ഗുണ്ടകള്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. അത്രയും പണം അവര്‍ അതിനു മുമ്പ് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല. പെട്ടികളിലും സഞ്ചിയിലുമായാണ് അത് വിമാനത്തില്‍ നിന്ന് ഇറക്കിയത്.

ദുര്‍ബലനും വിഡ്ഢിയുമായ ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ രൂപത്തില്‍ അവര്‍ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയെ കണ്ടെത്തി. നമ്മുടെ നേതാവ് എന്ന നിലയില്‍ അദ്ദേഹം ഒരു ദുരന്തമായിരുന്നു. പക്ഷെ, ഉറക്കം തൂങ്ങിയായ ജോ ബൈഡന്റെ അത്ര മോശമായിരുന്നില്ല എന്ന് മാത്രം. എന്നൊക്കെയാണ് ട്രംപിന്റെ പോസ്റ്റില്‍ പറയുന്നത്.

പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദേശങ്ങള്‍ യുഎസിന് കൈമാറിയത്. ഇറാന്റെ ആണവ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ്. ആണവ ശേഷി പൂര്‍ണമായും ഇല്ലാതാക്കണമെന്ന ട്രംപിന്റെ ആവശ്യം അംഗീകരിക്കാന്‍ ഇറാനും തയ്യാറല്ല. ഇതോടെയാണ് സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്.

SCROLL FOR NEXT