വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വെച്ചാണ് കൂടിക്കാഴ്ച. 2019-ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും മുഖാമുഖം ചർച്ചയ്ക്കൊരുങ്ങുന്നത്.
റഷ്യയും യുക്രെയ്നും വെടിനിർത്തൽ കരാറിലേക്ക് അടുക്കുന്നതായും, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു ഒരു അന്തിമ കരാറുണ്ടാക്കുമന്നും, ഇതിൽ കരാറിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് പറയുന്നു.
മോസ്കോയിൽ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ ചർച്ചയിൽ കിഴക്കൻ യുക്രെയ്നിലെ രണ്ട് പ്രവിശ്യകളുടെ നിയന്ത്രണം പുടിൻ ആവശ്യപ്പെട്ടതായാണ് വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയ എന്നിങ്ങനെ യുക്രെയ്നിലെ നാല് പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. "യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ഞാനും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച, അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന്, ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ചർച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2019ൽ ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടി യോഗത്തിലാണ് ട്രംപും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ കൂടിക്കാഴ്ച. അതേസമയം രാജ്യത്തെ പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള കരാറിന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.