ഡൊണാൾഡ് ട്രംപ്, മുഹമ്മദ് ബാഘര്‍ ഗാലിബാഫ്  
WORLD

"ആക്രമിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്, ഇന്നുവരെ കാണാത്ത നിലയില്‍ ഞങ്ങള്‍ തിരിച്ചടിക്കും"; ഇറാന് ഭീഷണിയുമായി ട്രംപ്

എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇതുവരെ കാണാത്ത വിധമുള്ള ആക്രമണം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി.

'ഇറാന്‍ പ്രസ്താവിച്ചത് അവര്‍ ഇന്ന് ഇതുവരെ കണ്ടതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്നാണ്. മുമ്പ് ആക്രമിച്ചതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്ന്. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. അവര്‍ അങ്ങനെ ചെയ്താല്‍ ഇന്നുവരെ കാണാത്ത നിലയില്‍ ഞങ്ങള്‍ തിരിച്ചടിക്കും,' ട്രംപ് പറഞ്ഞു

എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് പറഞ്ഞു. അമേരിക്കയും ഇസ്രയേലും പരിധി കടന്നു. വിനാശകരമായ പ്രഹരങ്ങള്‍ നേരിടേണ്ടി വരും. വലിയ വില കൊടുക്കേണ്ടി വരുമെന്നും ഗാലിബാഫ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എല്ലാ പരിധികളും ലംഘിച്ചു. അതിനുള്ള പ്രത്യാഘാതങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നാണ് ഘാലിബാഫ് പറഞ്ഞത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേതുള്‍പ്പെടെ പശ്ചിമേഷ്യയിലെ യുഎസിന്റെ 27ഓളം സൈനിക താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമാണ് നടത്തിയിരിക്കുന്നതെന്നും ഐആര്‍ജിസി അറിയിച്ചു.

SCROLL FOR NEXT