WORLD

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് ട്രംപ്; യുഎസിന് താൽപ്പര്യമുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി

സംഘർഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ജറുസലേം: ഇറാനുമേൽ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾ‍‍ഡ് ട്രംപ്. നെതന്യാഹുവിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിലെ ആക്രമണത്തിന് ശേഷമുള്ള മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളും സൈനിക നീക്കങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസും അറിയിച്ചിട്ടുണ്ട്. അതേസമയം, യുഎസിന് താൽപ്പര്യമുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. സംഘർഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ​ഗൾഫ് രാജ്യങ്ങൾ. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നിർദേശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകും വരെ വീടുകളിൽ തുടരണം.ആളുകൾ വീടുകളിൽ തുടരണം. ജനലുകളുടെ അരികിലും തുറന്ന പ്രദേശങ്ങളിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആക്രമണ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും അറിയിപ്പ് നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് രാജ്യങ്ങളിലേക്ക് ജർമ്മനി യാത്രാ വിലക്കേർപ്പെടുത്തി. ബഹ്റൈൻ, ഇറാഖ്, ഇസ്രയേൽ, ജോർദാൻ, ഖത്തർ, കുവൈത്ത് ഒമാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ജർമ്മനി വിലക്കിയത്.

SCROLL FOR NEXT