WORLD

"മതിയായി, ഞാന്‍ പോകുന്നു"; അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി ട്രംപ്

മാധ്യമപ്രവർത്തകരും കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി അവതാരക ക്രിസ്റ്റണ്‍ വെല്‍ക്കറിനോട് കയര്‍ത്ത് യുഎസ് പ്രസിഡന്റ് അഭിമുഖം പാതി വഴിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

എന്‍ബിസിയുടെ മീറ്റ് ദി പ്രസ് പരിപാടിക്ക് ഞായറാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തിന് മാധ്യമപ്രവര്‍ത്തക തെളിവ് ചോദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

കാലിഫോര്‍ണിയയിലെ വോട്ടെണ്ണല്‍ വൈകുന്നതിനെക്കുറിച്ച് സംസാരിക്കവെ, അവിടെ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുണ്ടെന്നും അവര്‍ കള്ളത്തരം കാണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് അവതാരക ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, 'കാണുമ്പോള്‍ തന്നെ അറിയാം' എന്നായിരുന്നു ട്രംപിന്റെ മറുപടി. തര്‍ക്കം മുറുകിയതോടെ മാധ്യമങ്ങള്‍ ഏകപക്ഷീയവും അഴിമതി നിറഞ്ഞതുമാണെന്ന് ആരോപിച്ച ട്രംപ്, 'എനിക്ക് മടുത്തു, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം' എന്ന് പറഞ്ഞ് മൈക്രോഫോണ്‍ ഊരിമാറ്റി അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

കാലിഫോര്‍ണിയയിലെ വോട്ടെണ്ണല്‍ നീണ്ടു പോകുന്നത് സ്വാഭാവിക ബാലറ്റ് എണ്ണല്‍ രീതി മാത്രമല്ലേ എന്ന് ക്രിസ്റ്റണ്‍ വെല്‍ക്കര്‍ ചോദിച്ചപ്പോള്‍, അവര്‍ കള്ളത്തരം കാണിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതോടെ, ട്രംപിന്റെ വാദങ്ങള്‍ സാധൂകരിക്കാന്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന് അവതാരക ചോദിച്ചു.

തനിക്ക് നോക്കിയാല്‍ മതി, കണ്ടാല്‍ തന്നെ അറിയാമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. താന്‍ ജനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാറുണ്ടെന്നും മറുപടി നല്‍കി. അപ്പോള്‍ തെളിവില്ലെന്ന് അവതാരക ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷവും വോട്ടെണ്ണല്‍ തുടരുന്നത് ശരിയാണോ എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം.

''ഒരു തിരഞ്ഞെടുപ്പ് നടന്ന് അഞ്ച് ദിവസത്തിന് ശേഷവും വിജയി ആരാണെന്ന് പ്രഖ്യാപിക്കാന്‍ പോലും കഴിയാതെ, എങ്ങുമെത്താതിരിക്കുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?'' ട്രംപ് ചോദിച്ചു. നടപടികള്‍ സാവധാനത്തിലാണെന്ന കാര്യം സമ്മതിച്ച ക്രിസ്റ്റണ്‍ വെല്‍ക്കര്‍, എന്നാല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കാലിഫോര്‍ണിയയിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.

ഇതോടെ, പ്രകോപിതനായ ട്രംപ്, ക്രിസ്റ്റണ്‍ വെല്‍ക്കറും അവരുടെ സഹപ്രവര്‍ത്തകരേയും പോലെ കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. 'നിങ്ങളെ പോലെ തന്നെ അവരും അഴിമതിക്കാരാണ്, നിങ്ങളുടെ മാധ്യമങ്ങളും അഴിമതി നിറഞ്ഞതാണ്. മീറ്റ് ദി പ്രസ് പരിപാടിയും അഴിമതിയാണ്'. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

തെരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ യുഎസ് മൂന്നാം ലോക രാജ്യത്തെ പോലെയാണെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല, തനിക്ക് മതിയായി, നിര്‍ത്തുന്നു എന്ന് പറഞ്ഞ് മൈക്രോഫോണ്‍ ഊരി തറയിലേക്ക് എറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.

SCROLL FOR NEXT