ട്രംപ്- ഷി ജിൻപിങ് കൂടിക്കാഴ്ച Source: X/ Screengrab
WORLD

ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച പൂർത്തിയായി; പ്രധാനപ്പെട്ട കാര്യങ്ങളിൽ ധാരണയിലെത്തിയെന്ന് ട്രംപ്

ഏഷ്യൻ-പസഫിക്ക് സാമ്പത്തിക ഉച്ചകോടിക്കിടെ ആണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

സിയോൾ: വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച പൂർത്തിയായി. ബുസാനിൽ ഏഷ്യൻ-പസഫിക്ക് സാമ്പത്തിക ഉച്ചകോടിക്കിടെ ആണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറും 40 മിനിറ്റും ചർച്ച നീണ്ടു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

ഇതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു എന്നും ഷി ജിൻപിങ് മികച്ച നേതാവാണെന്നും ട്രംപ് പ്രതികരിച്ചു. നിരവധി നിർണായക വിഷയങ്ങളിൽ ധാരണയിൽ എത്തിയെന്നും, വൈകാതെ അത് നിങ്ങളെ അറിയിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര കരാറിൽ ധാരണയായേക്കുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 100% തീരുവ സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു.

കടുത്ത വാക്പോരുകൾക്കിടയിലും ഒരു കരാർ ഉണ്ടായേക്കുമെന്ന ശുഭാപ്തി വിശ്വാസം ട്രംപ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. സിന്തറ്റിക് ഓപിയോയിഡ് നിർമിക്കാൻ സാധിക്കുന്ന ഫെൻ്റനൈലിൻ്റെ ഉത്പാദനം നിയന്ത്രിക്കാൻ ചൈന സമ്മതിച്ചാൽ തീരുവകൾ കുറയ്ക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ടിക് ടോക് വിഷയവും ചർച്ച ചെയ്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

SCROLL FOR NEXT