ഇന്ത്യയുടെ മേൽ ചുമത്തിയ അധിക തീരുവയിൽ യുഎസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി. ഇന്ത്യയെ പോലൊരു 'ശക്തമായ സഖ്യകക്ഷി'യുമായുള്ള ബന്ധം നശിപ്പിക്കരുതെന്നായിരുന്നു നിക്കി ഹാലിയുടെ വിമർശനം. ഇന്ത്യയുമായുള്ള ബന്ധം തകർത്ത് ചൈനയ്ക്ക് അവസരം നൽകരുതെന്നും നിക്കി ഹാലി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു റിപ്പബ്ലിക്കൻ നേതാവിൻ്റെ വിമർശനം.
റഷ്യൻ എണ്ണയുടെ ഇറക്കുമതിയും തീരുവയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കിടെയാണ് നിക്കി ഹാലിയുടെ പ്രസ്താവന. "ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത്. എന്നാൽ റഷ്യൻ, ഇറാനിയൻ എണ്ണയുടെ ഒന്നാം നമ്പർ ഉപയോക്താവായ ചൈനയ്ക്ക് 90 ദിവസത്തെ താത്കാലിക താരിഫ് പോസ് ലഭിച്ചു. ചൈനയ്ക്ക് അനുമതി നൽകി, ഇന്ത്യ പോലുള്ള ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുത്," നിക്കി ഹാലി എക്‌സിൽ കുറിച്ചു.
സൗത്ത് കരോലിനയുടെ മുൻ ഗവർണറായ ഹാലി, ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിൽ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായിരുന്നു. യുഎസ് ഭരണകൂടത്തിൽ കാബിനറ്റ് തല തസ്തികയിലേക്ക് നിയമിതയായ ആദ്യത്തെ ഇന്ത്യൻ വംശജ കൂടിയാണ് നിക്കി ഹാലി.
അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ യുക്രെയ്നെതിരായ യുദ്ധത്തിന് സഹായിക്കുന്നുവെന്ന ആരോപണമാണ് യുഎസ് ഉയർത്തുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നുമാണ് യുഎസിൻ്റെ മുന്നറിയിപ്പ്. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.