Source: Instagram/ _xtianna_
WORLD

അന്ന് ഇൻസ്റ്റഗ്രാമിൽ മൊഴി ചൊല്ലി വിവാഹമോചനം, ശേഷം 'ഡിവോഴ്‌സ്' പെർഫ്യൂം, ഇപ്പോൾ റാപ്പറുമായി വിവാഹനിശ്ചയം; വാർത്തകളിൽ നിറഞ്ഞ് ദുബായ് രാജകുമാരിയുടെ ജീവിതം

ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അൽ മക്തൂമും റാപ്പ‍ർ ഫ്രഞ്ച് മൊണ്ടാനയും വിവാഹിതരാകുന്നുവെന്ന് റിപ്പോ‍ർട്ടുകൾ.

Author : ന്യൂസ് ഡെസ്ക്

ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അൽ മക്തൂമും റാപ്പ‍ർ ഫ്രഞ്ച് മൊണ്ടാനയും വിവാഹിതരാകുന്നുവെന്ന് റിപ്പോ‍ർട്ടുകൾ. വിവാഹനിശ്ചയ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകളാണ് ഷെയ്ഖ മഹ്റ. ജൂണിൽ പാരീസ് ഫാഷൻ വീക്കിനിടെയാണ് ഷെയ്ഖ മെഹ്റയും ഫ്രഞ്ച് മൊണ്ടാനയും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയതെന്നാണ് റിപ്പോ‍ർട്ട്.

31കാരിയായ മഹ്റയും 40കാരനായ മൊണ്ടാനയും കഴിഞ്ഞ വർഷം ആദ്യമാണ് കണ്ടുമുട്ടിയത്. ഇരുവരുടെയും ദുബായ് ടൂറിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് ശേഷം പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം പാരീസിൽ നടന്ന ഫാഷൻ വീക്കിൽ ഇരുവരും കൈകോർത്തു പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രണയം പരസ്യമായത്.

ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായുള്ള ഷെയ്ഖ മഹ്‌റയുടെ വിവാഹമോചന വാ‍ർത്ത നേരത്തെ വലിയ ചർച്ചയായിരുന്നു. മെയ് 2023ൽ വിവാഹിതരായ ഇരുവർക്കും ഒരു മകളുണ്ട്. കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷെയ്ഖ മഹ്‌റ മുൻ ഭ‍ർത്താവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചത്. "നിങ്ങൾ മറ്റുള്ളവരോടൊപ്പം തിരക്കിലായിരിക്കാം, അതിനാൽ ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, വിവാഹമോചനം ചെയ്യുന്നു, വിവാഹമോചനം ചെയ്യുന്നു" എന്നിങ്ങനെയായിരുന്നു ഷെയ്ഖ മെഹ്റയുടെ പോസ്റ്റ്.

വിവാഹമോചനത്തിനുശേഷം, മഹ്ര എം1 എന്ന ബ്രാൻഡിന് കീഴിൽ 'ഡിവോഴ്സ്' എന്ന പേരിൽ ഒരു പെർഫ്യൂം ലൈൻ അവർ പുറത്തിറക്കിയിരുന്നു. അവർ മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള യോഗ്യതയ്‌ക്കൊപ്പം, യുകെയിലെ ഒരു സർവകലാശാലയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ ബിരുദവും നേടിയിട്ടുണ്ട്.

അൺഫോർഗെറ്റബിൾ, നോ സ്റ്റൈലിസ്റ്റ് തുടങ്ങിയ ആഗോള ഹിറ്റുകളിലൂടെയാണ് ഫ്രഞ്ച് മൊണ്ടാന അറിയപ്പെടുന്നത്. മൊണ്ടാനയുടെ യഥാർഥ പേര് കരിം ഖർബൗച്ച് എന്നാണ്.

SCROLL FOR NEXT