Source: X/ Afghanistan FM Amir Khan Muttaqi
WORLD

ഡൽഹിയിൽ താലിബാൻ പതാക ഉയരുമോ? അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ സന്ദർശനത്തിനൊപ്പം ഡൽഹിയിൽ ഉയരുന്ന നയതന്ത്ര പ്രതിസന്ധി!

2021ൽ യുഎസ് സൈന്യം പിന്മാറിയതിനും താലിബാൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനും ശേഷം ഇതാദ്യമായാണ് ഒരു താലിബാൻ നേതാവ് ഇന്ത്യയിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഒരാഴ്ചയോളം നീണ്ട ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. യുഎൻ സെക്യൂരിറ്റി കൗൺസിൽ അനുവാദം നൽകിയതോടെയാണ് അഫ്ഗാൻ മന്ത്രി ഡൽഹിയിലെത്തിയത്. 2021ൽ യുഎസ് സൈന്യം പിന്മാറിയതിനും താലിബാൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനും ശേഷം ഇതാദ്യമായാണ് ഒരു താലിബാൻ നേതാവ് ഇന്ത്യയിലെത്തുന്നത്.

ഡൽഹിയിലെത്തിയ അഫ്ഗാൻ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. താലിബാൻ സർക്കാരും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ അയൽരാജ്യക്കാരായ പാകിസ്ഥാൻ ഈ നീക്കത്തെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.

അതേസമയം, ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആരംഭിക്കാനിരിക്കെ ഒരു പതാകയെ ചൊല്ലിയാണ് ആശങ്ക മുറുകുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഇന്ത്യൻ സർക്കാർ ഇതുവരെ അംഗീകാരം നൽകാത്തതിനാൽ താലിബാൻ്റെ ഔദ്യോഗിക പതാകയും ഇതുവരെ നമ്മൾ അംഗീകരിച്ചിട്ടില്ല. വെളുത്ത തുണിയിൽ കറുത്ത അക്ഷരത്തിൽ 'ഷഹാദ' (ഇസ്ലാമിക വിശ്വാസത്തിൻ്റെ പ്രഖ്യാപനം) എന്നെഴുതിയ താലിബാൻ്റെ കൊടി ഇന്ത്യൻ സർക്കാർ അംഗീകരിച്ചിട്ടില്ല. മുൻ പ്രസിഡൻ്റ് അഷ്റഫ് ഘാനിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ്റെ പഴയ കൊടി തന്നെയാണ് ഇന്ത്യൻ എംബസികളിൽ ഇപ്പോഴും ഉയർത്താറുള്ളത്.

നേരത്ത കാബൂളിൽ നടന്ന ഇന്ത്യൻ വിദേശകാര്യ പ്രതിനിധികളും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടയിലും പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നത് താലിബാൻ്റെ പതാകയായിരുന്നു. നേരത്തെ ദുബായിൽ വച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശയക്കുഴപ്പത്തെ തുടർന്ന് രണ്ട് രാജ്യങ്ങളുടെയും പതാകകൾ ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഡൽഹിയിലേക്ക് ചർച്ച വഴിമാറിയെത്തിയതോടെ പതാകയുടെ തെരഞ്ഞെടുപ്പ് ഒരു നയതന്ത്ര പ്രശ്നമായി മാറിയിരിക്കുകയാണ്.

മുത്തഖിയുടെ സന്ദർശനത്തിൻ്റെ പ്രാധാന്യം

ഇന്ത്യ-അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾക്കിടയിൽ സൗഹൃദപരമായൊരു ചരിത്ര പശ്ചാത്തലമാണ് നിലനിന്നിരുന്നത് എങ്കിലും, 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യൻ എംബസികൾ അടച്ചുപൂട്ടിയിരുന്നു. കൃത്യം ഒരു വർഷത്തിനിപ്പുറം വ്യാപാരം, മെഡിക്കൽ സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ രംഗങ്ങളിൽ ഇന്ത്യൻ സഹായമെത്തിച്ചിരുന്നു. ഔദ്യോഗികമായി താലിബാനെ അംഗീകരിച്ചില്ലെങ്കിൽ പോലും അയൽരാജ്യവുമായ അടിസ്ഥാനപരമായ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തട്ടാതെ നോക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

ബഗ്രാം വ്യോമത്താവളത്തിൻ്റെ അധീശത്വം തങ്ങൾക്ക് കൈമാറമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യത്തെ പ്രതിരോധിക്കുകയാണ് താലിബാൻ സർക്കാർ. ഇന്ത്യ, റഷ്യ, ചൈന ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ സംയുക്തമായി ട്രംപിൻ്റെ നടപടിയെ എതിർത്ത് രംഗത്തെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്.

അതോടൊപ്പം അഫ്ഗാനിസ്ഥാൻ്റെ മണ്ണ് ഒരു തരത്തിലുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കരുതെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. മെയ് 15ന് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറെ ഫോണിൽ വിളിച്ചാണ് ആമിർ ഖാൻ മുത്തഖി താലിബാൻ സർക്കാരിൻ്റെ നിലപാടറിയിച്ചത്. ആ സംഭാഷണങ്ങൾക്ക് പിന്നാലെയാണ് മുത്തഖി ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

SCROLL FOR NEXT