Source: Files
WORLD

"ലാൻഡ് ചെയ്യരുത്, വട്ടമിട്ട് പറക്കൂ"; ലോസ് ആഞ്ചലസിൽ ഭൂചലനം; ലാൻഡിങ്ങിനിടെ വിമാനം തിരിച്ചുപറത്തി

റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടെ ലാൻഡിങ്ങിന് തയ്യാറെടുക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ വിമാനം അവസാന നിമിഷം ലാൻഡിങ് ഉപേക്ഷിച്ച് തിരിച്ചുപറന്നു...

Author : ന്യൂസ് ഡെസ്ക്

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടെ ലാൻഡിങ്ങിന് തയ്യാറെടുക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ വിമാനം അവസാന നിമിഷം ലാൻഡിങ് ഉപേക്ഷിച്ച് തിരിച്ചുപറന്നു. വിമാനത്താവളത്തിലെ ജനലുകളുടെ ചില്ലുകൾ തകരുകയും ടെർമിനലിനുള്ളിലെ സീലിങ് പാനലുകൾ താഴെ വീഴുകയും ചെയ്തു.

ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ലോസ് ആഞ്ചലസിന് സമീപമുള്ള മാൻഹട്ടൻ ബീച്ചിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ തെക്കുപടിഞ്ഞാറ് സാന്റാ മോണിക്ക ഉൾക്കടലിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 12 മുതൽ 13 കി.മീ വരെ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട്.

ഭൂചലനത്തിന്റെ ആഘാതം വിമാനത്താവളത്തിലും പ്രകടമായതോടെയാണ് ഡെൽറ്റ എയർലൈൻസിന്റെ വിമാനം ലാൻഡിങ് ഒഴിവാക്കിയത്. റൺവേയിലേക്ക് അടുക്കുകയായിരുന്ന വിമാനത്തോട് എയർ ട്രാഫിക് കൺട്രോളർ ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ഉയരാൻ നിർദേശം നൽകി. 'ഡെൽറ്റ 1972, ഗോ എറൗണ്ട്. വലിയൊരു ഭൂചലനം അനുഭവപ്പെടുകയാണ്' എന്ന എയർ ട്രാഫിക് കൺട്രോളറുടെ സന്ദേശവും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. തുടർന്ന് വിമാനം സുരക്ഷിതമായി തിരിച്ചുപറന്ന് പിന്നീട് ലാൻഡ് ചെയ്തു.

ഭൂചലനത്തെത്തുടർന്ന് വിമാനത്താവളത്തിലെ ടെർമിനലുകളിൽ ജനൽച്ചില്ലുകൾ തകർന്നു. ചിലയിടങ്ങളിൽ സീലിങ് പാനലുകൾ ഇളകിവീണതായും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്താവളത്തിലെ ചില ഭാഗങ്ങളിൽ സുരക്ഷാ പരിശോധനകൾക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി തടസപ്പെട്ടില്ല. അതേസമയം, സമീപത്തെ ചില പ്രദേശങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങുകയും വാഹനങ്ങളുടെ അലാറങ്ങൾ മുഴങ്ങുകയും ചെയ്തു.

പ്രധാന ഭൂചലനത്തിന് പിന്നാലെ 40ലധികം തുടർചലനങ്ങളും രേഖപ്പെടുത്തി. സംഭവത്തെത്തുടർന്ന് ലോസ് ആഞ്ചലസ് അഗ്നിരക്ഷാ വിഭാഗം നഗരത്തിലെ 106 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി വിന്യസിച്ചു. പ്രാഥമിക പരിശോധനയിൽ കാര്യമായ കെട്ടിടനാശമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെത്തുടർന്ന് സുനാമി ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

SCROLL FOR NEXT