പ്രതീകാത്മക ചിത്രം Source: Screengrab
WORLD

സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം; 5. 1 തീവ്രത രേഖപ്പെടുത്തി

ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ഇറാനിലെ സെംനാൻ പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. സെംനാനിൽ നിന്ന് 27 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ഇറാൻ ന്യൂസ് ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഭൂകമ്പം ടെഹ്‌റാൻ ആണവായുധം പരീക്ഷിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ബഹിരാകാശ, മിസൈൽ സമുച്ചയമുള്ള ഒരു നഗരത്തിനടുത്താണ് ഇത് ഉണ്ടായത് എന്നതിനാൽ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. ഇറാന്റെ സൈന്യം നടത്തുന്ന സെംനാൻ ബഹിരാകാശ കേന്ദ്രവും സെംനാൻ മിസൈൽ സമുച്ചയവും അവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയപ്പെടുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. ആണവ പ്രവർത്തനത്തിനിടയിൽ ഉണ്ടാകുന്ന ഭൂഗർഭ സ്ഫോടനങ്ങൾ, സ്ഫോടനത്തിന് സമീപം ടെക്റ്റോണിക് സമ്മർദ്ദം പുറപ്പെടുവിച്ചുകൊണ്ട് ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ, ഭൂകമ്പ തരംഗങ്ങളെ പഠിക്കുന്നതിലൂടെ ഭൂകമ്പ ശാസ്ത്രജ്ഞർക്ക് സ്ഫോടനങ്ങളെയും പ്രകൃതിദത്ത ഭൂകമ്പങ്ങളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. അതിൽ നിന്നും ഇതൊരു സ്വാഭാവിക ഭൂകമ്പമാണെന്ന് ഡാറ്റകൾ സൂചിപ്പിക്കുന്നു.

ഇറാനിൽ സാധാരണയായി ഒരു വർഷം 2,100ഓളം ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ 15 മുതൽ 16 വരെ 5.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ളവയാണ്. 2006നും 2015നും ഇടയിൽ രാജ്യത്ത് 96,000 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.

SCROLL FOR NEXT