WORLD

കോംഗോയിൽ ഭീതി വിതച്ച് വീണ്ടും എബോള; 65 പേർ മരിച്ചെന്ന് റിപ്പോർട്ട്

രാജ്യത്ത് ഇത് 17ാം തവണയാണ് എബോള ഭീതി വിതയ്ക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള രോഗബാധ. കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ വൈറസ് രോഗം ബാധിച്ച് ഇതിനോടകം 65 പേർ മരിച്ചെന്നും 246 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വർണ ഖനനം നടക്കുന്ന മോങ്‌വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയാസ്പദമായ കേസുകൾ ബുനിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിർത്തി രാജ്യങ്ങളായ ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. എബോള വൈറസ് ഏറെ അപകടകരമായി ഒന്നാണ്. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതു പോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യർക്ക് പുറമെ കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത ഏറെയാണ്.

വിവിധയിടങ്ങളിൽ ലക്ഷണങ്ങളോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പലതും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഫ്രിക്ക സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. 1976ലാണ് കോംഗോയിൽ ആദ്യമായി എബോള രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2018 മുതൽ 2020 വരെ കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള വ്യാപനത്തിൽ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഇത് 17ാം തവണയാണ് എബോള ഭീതി വിതയ്ക്കുന്നത്.

SCROLL FOR NEXT