ഡോജ് മേധാവിയായി മസ്ക് ചുമതലയേല്‍ക്കുന്നു Source: Screen Grab/ News Malayalam 24x7
WORLD

"എപ്സ്റ്റീന്‍ ലൈംഗികാരോപണ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ട്"; യുഎസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്

ട്രംപിന്റെ പേര് ഉള്‍പ്പെട്ടതിനാലാണ് ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളുമായി ടെക് ബില്യണയർ ഇലോണ്‍ മസ്ക്. ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ടെസ്‌ല സിഇഒ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സ് വഴിയായിരുന്നു മസ്കിന്റെ ആരോപണങ്ങള്‍.

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നാണ് ഇലോണ്‍ മസ്കിന്റെ പ്രധാന ആരോപണം. അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചു. "ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും," മസ്‌ക് എക്സില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു.

ട്രംപ്, പ്രിൻസ് ആൻഡ്രൂ, മുൻ പ്രസിഡന്റ് ക്ലിന്റൺ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകള്‍ എപ്സ്റ്റീന്റെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ പരാമർശിക്കപ്പെട്ടിരുന്നു. 2019ൽ മാൻഹട്ടൻ ജയിലിൽ വെച്ച് എപ്സ്റ്റീന്‍ ജീവനൊടുക്കുകയായിരുന്നു.

ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു. ഡെമോക്രാറ്റുകള്‍ ഹൗസ് നിയന്ത്രിക്കുമായിരുന്നു.
ഇലോണ്‍ മസ്ക്

താൻ ഇല്ലായിരുന്നങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്രംപ് നന്ദികേടാണ് പറയുന്നത്. "ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു. ഡെമോക്രാറ്റുകള്‍ ഹൗസ് നിയന്ത്രിക്കുമായിരുന്നു. റിപ്പബ്ലിക്കൻമാരുടെ സെനറ്റിലെ സീറ്റ് നില 51-49 എന്നാകുമായിരുന്നു," മസ്ക് എക്സ് പോസ്റ്റില്‍ അവകാശപ്പെട്ടു. ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെയും ഇലോൺ മസ്ക് രംഗത്തെത്തി. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ പ്രതികരണങ്ങള്‍.

അതേസമയം, ഇലോണ്‍ മസ്കിന്റെ ആരോപണങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. മസ്കിന്റെ സഹായമില്ലായിരുന്നെങ്കിലും താന്‍ പെൻസിൽവാനിയയില്‍ ജയിക്കുമായിരുന്നു എന്നാണ് ട്രംപിന്റെ പ്രതികരണം. നികുതി ഇളവ്- ചെലവ് ബില്ലില്‍ ഇലക്ട്രിക് വാഹന (ഇവി) സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് മസ്‌ക് ബില്ലിനെ എതിർക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. ഇതോടെയാണ് ബല്യണയർക്കും പ്രസിഡന്റിനും ഇടയില്‍ പോര് മുറുകിയത്.

നികുതി ബില്ലിനെ എതിർത്ത മസ്‌കിനെ കിറുക്കന്‍ എന്നാണ് പരസ്യമായി ട്രംപ് വിശേഷിപ്പിച്ചത്. ബജറ്റിൽ, കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, ഇലോണിന്റെ സർക്കാർ സബ്‌സിഡികളും കരാറുകളും അവസാനിപ്പിക്കുക എന്നതാണെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കരാറുകൾ റദ്ദാക്കുമെന്ന സൂചന ട്രംപ് നല്‍കിയതിനുപിന്നാലെ ഡ്രാഗൺ ബഹിരാകാശ പേടകം ഉടൻ ഡീകമ്മീഷൻ ചെയ്യുമെന്ന് പറഞ്ഞാണ് മസ്ക് തിരിച്ചടിച്ചത്.

SCROLL FOR NEXT