വാഷിങ്ടണ്‍: 43 ദിവസമായി തുടരുന്ന അടച്ചുപൂട്ടലിന് വിരാമമിട്ട് ധനാനുമതി ബില്ലില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകളും ട്രംപും തമ്മിലുണ്ടായ തര്‍ക്കമാണ് നീണ്ട അടച്ചുപൂട്ടലിന് കാരണമായത്.
ട്രംപിന്റെ മതില്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ആവശ്യം അംഗീകരിക്കാതെ, താല്‍ക്കാലികമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ധനാനുമതി ബില്ലിലാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ കാരണം ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതാവുകയും, നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.
ബില്ല് കോണ്‍ഗ്രസ് പാസാക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് ട്രംപ് ഒപ്പ് വെച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പോടെ 222-209 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. സെനറ്റ് നേരത്തെ തിങ്കളാഴ്ച ഈ നടപടിക്ക് അംഗീകാരം നല്‍കിയിരുന്നു.
ഈ ബില്‍ വഴി ജനുവരി 30 വരെയാണ് ഫണ്ടിംഗ് നീട്ടി നല്‍കുന്നത്. ഇതോടെ, ഏകദേശം 38 ട്രില്യണ്‍ ഡോളര്‍ കടമുള്ള ഫെഡറല്‍ ഗവണ്‍മെന്റ് പ്രതിവര്‍ഷം 1.8 ട്രില്യണ്‍ ഡോളര്‍ കൂടി കടത്തിലേക്ക് ചേര്‍ക്കുന്ന പാതയില്‍ തുടരും. അടച്ചുപൂട്ടല്‍ തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ഫെഡറല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ജനുവരി വരെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടല്‍ ഭീഷണയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അടച്ചുപൂട്ടല്‍ അവസാനിച്ചാല്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുകയും ചെയ്യും. കൃഷി വകുപ്പിനായുള്ള ഫണ്ട് അനുവദിക്കുന്നതോടെ, പ്രധാനപ്പെട്ട ഭക്ഷ്യ സഹായ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ബജറ്റ് വര്‍ഷാവസാനം വരെ തടസ്സമില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കും.
നിയമനിര്‍മ്മാതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി 203.5 മില്യണ്‍ ഡോളറും സുപ്രീം കോടതി ജഡ്ജിമാരുടെ സുരക്ഷയ്ക്കായി അധികമായി 28 മില്യണ്‍ ഡോളറും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.