റനിൽ വിക്രമസിംഗെ 
WORLD

സർക്കാർ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തു; ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിങ്കെ അറസ്റ്റില്‍

2023 ൽ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ സ്വകാര്യ വിദേശ യാത്രയ്ക്കായി സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വെള്ളിയാഴ്ച വിക്രമസിംഗെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2023 ൽ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. റനിൽ വിക്രമസിംഗെയുടെ ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അന്നത്തെ ലണ്ടൻ യാത്ര. ഈ യാത്രക്കായി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് റനിലിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഭാര്യയുടെ യാത്രാ ചെലവുകൾ അവർ തന്നെയാണ് വഹിക്കുന്നതെന്നും സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു വിക്രമസിംഗെയുടെ വാദം.

സംസ്ഥാന ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് കുറ്റം ചുമത്തുകയാണെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. മുൻ പ്രസിഡൻ്റിനെ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും സിഐഡി വ്യക്തമാക്കി. യാത്രാ ചെലവുകളുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ഇയാളുടെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.

SCROLL FOR NEXT