ഗൂഗി വ തിയോൻഗോ Google
WORLD

"ജീവനോടെയിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുത്തുനിൽപ്പാണ്,"; വിട ഗൂഗി വ തിയോൻഗോ

Author : ന്യൂസ് ഡെസ്ക്

ആഫ്രിക്കയുടെ അത്മാവിൽ തൊട്ട പ്രമുഖ സാഹിത്യകാരൻ ഗൂഗി വ തിയോൻഗോ അന്തരിച്ചു. 87 വയസായിരുന്നു. വിടപറയുന്നത് ഭരണകൂടം വേട്ടയാടി ജയിലിലടച്ച എഴുത്തുകാരൻ. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹത്തിൻ്റെ മകളാണ് മരണവിവരം പുറത്തുവിട്ടത്.

കെനിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ പോരാളി. ഭരണകൂടത്തോടുള്ള വിയോജിപ്പും, കലഹവും മൂലം 1970 കളിൽ ഒരു വർഷം തടവിലാക്കപ്പെട്ട തിയോൻഗോ പിന്നീട് പതിറ്റാണ്ടുകളോളം അതിൻ്റെ വേട്ടയാടലുകൾ അനുഭവിച്ചു. ആറ്‌ പതിറ്റാണ്ടിലധികമായി സാഹിത്യരംഗത്ത് സജീവമായ ഗൂഗി കൊളോണിയല്‍ ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള കെനിയയുടെ സഞ്ചാരമാണ് തൻ്റെ കൃതികളിൽ വിവരിച്ചിരുന്നത്.

ഡാനിയേൽ അരപ് മോയുടെ സ്വേഛാധിപത്യത്തിന് കീഴിൽ വിലക്ക് നേരിടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത എഴുത്തുകാരനാണ് തിയോൻഗോ. ഭരണകൂട വേട്ടയാടലിനെ തുടർന്ന് അദ്ദേഹത്തിന് നാടുവിടേണ്ടി വന്നു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് നിരവധി തവണ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആഫ്രിക്കൻ സാഹിത്യകാരനാണ് തിയോംഗോ. ദ് റിവർ ബിറ്റ്‌വീൻ, വീപ് നോട്ട് ചൈൽഡ്, എ ഗ്രെയ്ൻ ഓഫ് വീറ്റ് തുടങ്ങിവയാണ് പ്രധാനകൃതികൾ.

"നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു, അവ നിങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു. ജീവനോടെയിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുത്തുനിൽപ്പാണ്. " തിയോൻഗോ 2018 ൽ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. ഈ നിലപാടും അത് അതേപടി പകർത്തിയ ജീവിതവുമാണ് ഗൂഗി ലോകത്തിന് നൽകുന്ന സന്ദേശം.

SCROLL FOR NEXT