WORLD

പ്രഥമ ഫിഫ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്; ചോദിച്ചു വാങ്ങിയതെന്ന് വിമർശനം

അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, മെക്‌സികോ, കാനഡ എന്നിവിടങ്ങളില്‍ വച്ചാണ് ലോകകപ്പ് നടക്കുക.

Author : ന്യൂസ് ഡെസ്ക്

ഫിഫ ഏര്‍പ്പെടുത്തിയ പ്രഥമ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ കെന്നഡി സെന്ററില്‍ വച്ച് ലോകകപ്പ് നറുക്കെടുപ്പ് വേദിയില്‍ വെച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്.

അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, മെക്‌സികോ, കാനഡ എന്നിവിടങ്ങളില്‍ വച്ചാണ് ലോകകപ്പ് നടക്കുക. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്താണ് ജിയാനി. ഇസ്രയേല്‍-ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി നടത്തിയ ഇടപെടലിന് ട്രംപിന് സമാധാന പുരസ്‌കാരം നല്‍കണമെന്ന് നേരത്തെ തന്നെ ജിയാനി പറഞ്ഞിരുന്നു. ഇതേ നടപടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്നും കഴിഞ്ഞ ദിവസം ജിയാനി വ്യക്തമാക്കി.

ഫിഫ ആദ്യമായി ഏര്‍പ്പെടുത്തുന്ന സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരസ്‌കാരം തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ലഭിക്കാത്തതുകൊണ്ട് ചോദിച്ചു വാങ്ങിയ പുരസ്കാരമാണിതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ട്രംപിനൊപ്പം ചടങ്ങില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും മെക്‌സികോ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോവും പങ്കെടുത്തിരുന്നു. 16 സിറ്റികളിലായി 104 മാച്ചുകളാണ് ഇത്തവണത്തെ ലോകകപ്പില്‍ നടക്കുക. മെക്‌സികോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചുകൊണ്ടാണ് മത്സരം കിക്ക് ഓഫ് ചെയ്യുന്നത്. മെക്‌സികോ സിറ്റിയിലെ അസ്‌റ്റെക സ്‌റ്റേഡിയത്തില്‍ വച്ചായിരിക്കും ആദ്യ മത്സരം നടക്കുക.

SCROLL FOR NEXT