GAZA PLAN APPROVED BY ISRAEL AND HAMAS Source; X / AP
WORLD

ഗാസ സമാധാനത്തിലേക്ക്? കരാറിൻ്റെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേൽ, ബന്ദി മോചനത്തിന് തയ്യാറായി ഹമാസും

ഇസ്രയേലി ജയിലുകളിൽ ജീവപര്യന്ത തടവ് അടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുള്ള 1700 ആളുകളെയും മോചിപ്പിക്കും. കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറും.

Author : ന്യൂസ് ഡെസ്ക്

ടെൽ അവീവ്: ഗാസ സമാധാന കരാറിന്‍റെ ആദ്യ ഘട്ടം ഇസ്രയേലി സർക്കാർ അംഗീകരിച്ചു. ഇതോടെ ഹമാസിന്‍റെ പിടിയിലുള്ള ഇസ്രയേലി ബന്ദികൾ മോചിതരാകുമെന്നും, ഇസ്രയേൽ പലസ്തീനി തടവുകാരെ മോചിപ്പിക്കുമെന്നും ഉറപ്പായി. ഇന്ന് പുലർച്ചെയാണ് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് കരാറിന് അംഗീകാരം നൽകിയത്. അതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നതായി റിപ്പോർട്ടുണ്ട്. ഗാസ നഗരത്തിൽ ഹമാസ് സ്നൈപ്പർ ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചതോടെ ഗാസയിൽ വെടിനിർത്തൽ ഔദ്യോഗികമായി. 24 മണിക്കൂറിനകം വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചത്. കരാർ അംഗീകരിച്ചതോടെ ഇസ്രയേൽ പ്രതിരോധ സേന നിശ്ചിത രേഖയിലേക്ക് പിൻവാങ്ങും. വൈറ്റ് ഹൗസ് നൽകിയ ഭൂപട പ്രകാരം ഐഡിഎഫ് പിൻമാറ്റത്തിന്‍റെ മൂന്ന് ഘട്ടങ്ങളിൽ ആദ്യത്തേതാണ് ഇത്.

ഇതിന് ശേഷം ബന്ദി കൈമാറ്റത്തിന്‍റെ 72 മണിക്കൂർ കൗണ്ട്‌ ഡൗൺ ആരംഭിക്കും. ഇക്കാലയളവിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറണം. പിന്നാലെ കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരങ്ങളും. പക്ഷേ ഇതിന്‍റെ സമയപരിധി വ്യക്തമല്ല. ഇസ്രയേലി ജയിലുകളിൽ ജീവപര്യന്തം തടവ് അടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുള്ള 1700 ആളുകളെയും മോചിപ്പിക്കും. കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറും.

നാലാമത്തെ കാര്യം ഭക്ഷണവും മരുന്നുമടക്കമുള്ള ജീവകാരുണ്യ സഹായങ്ങളുമായി നൂറുകണക്കിന് ട്രക്കുകൾ ഗാസയിലേക്ക് കടക്കും എന്നതാണ്. ഈജിപ്റ്റിലെ ഷറം എൽ ഷെയ്ഖിൽ നടന്ന പരോക്ഷ ചർച്ചകളിൽ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടു എന്ന വാർത്ത വന്നതു മുതൽ ഗാസയിലും ഇസ്രയേലിലും ആളുകൾ കൂട്ടത്തോടെ ആഹാളാദ പ്രകടനം നടത്തി. സുപ്രധാനമായ നിമിഷം എന്നാണ് ഗാസ സമാധാന പദ്ധതി ചർച്ച്ക്കു മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമനിൻ നെതന്യാഹു മന്ത്രിസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ബന്ദികളെ തിരിച്ചെത്തിക്കുക എന്ന സുപ്രധാന ലക്ഷ്യം നേടി എന്ന് നെതന്യാഹു പറഞ്ഞു.

ഗാസയിലെ വെടിനിർത്തൽ അന്താരാഷ്ട്ര സേനയുടെ നിരീക്ഷണത്തിലായിരിക്കും. യു.എസ് സൈന്യം ഇതിന് മേൽനോട്ടം വഹിക്കും. അതേസമയം ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ അംഗീകരിച്ച സമയത്തും ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിലാണ് രാത്രി വൈകി ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT