WORLD

34 വര്‍ഷങ്ങള്‍ക്കു ശേഷം അത് സംഭവിക്കുന്നു; ഇസ്രയേല്‍-ലെബനന്‍ ചര്‍ച്ച വ്യാഴാഴ്ചയെന്ന് ട്രംപ്

ആരൊക്കെയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നത് സംബന്ധിച്ചും ട്രംപിന്റെ പോസ്റ്റില്‍ സൂചനയില്ല

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍-ലെബനന്‍ ചര്‍ച്ച നാളെ നടക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.

34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. വാഷിങ്ടണ്‍ ഡിസിയില്‍ വെച്ച് ഇസ്രായേല്‍ - ലെബനന്‍ അംബാസഡര്‍മാര്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമായിരുന്നു നയതന്ത്ര കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചയാണ് ഉന്നതതല സംഭാഷണത്തിന് കളമൊരുക്കിയത്.

ലെബനനുമേല്‍ ഇസ്രായേല്‍ നടത്തുന്ന അതിശക്തമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് ലെബനന്റെ പ്രാഥമിക ആവശ്യം. അതേസമയം, ചര്‍ച്ചകള്‍ നടക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ആരൊക്കെയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നത് സംബന്ധിച്ചും ട്രംപിന്റെ പോസ്റ്റില്‍ സൂചനയില്ല. ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക മുന്നേറ്റം നടത്തിയതോടെയാണ് ലെബനനും സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. ഇറാനെ പിന്തുണക്കുന്ന ലെബനനിലെ ഹിസ്ബുള്ള ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിലും 2024 നവംബറില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനും എതിരെയുള്ള തിരിച്ചടിയാണ് തങ്ങളുടെ ആക്രമണം എന്നായിരുന്നു ഹിസ്ബുള്ളയുടെ വിശദീകരണം.

ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയായി ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ കരയാക്രമണവും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ബഫര്‍ സോണ്‍ സൃഷ്ടിക്കാനുമാണ് ഇസ്രയേല്‍ നീക്കം. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഇല്ലാതാക്കി വടക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇസ്രായേലിന്റെ ന്യായം. തെക്കന്‍ ലെബനനിലെ സൈനിക അധിനിവേശം കിഴക്കന്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു.

SCROLL FOR NEXT