Source: X
WORLD

രക്ഷാ പ്രവർത്തനത്തിനിടെ കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നു വീണ് 5 പേർക്ക് ദാരുണാന്ത്യം

പർവതത്തിലെ ബറാഫു ക്യാംപിനടുത്തു വച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്

Author : ന്യൂസ് ഡെസ്ക്

രക്ഷാപ്രവർത്തനത്തിനിടെ ടാൻസാനിയയിലെ മൌണ്ട് കിളിമഞ്ചാരോയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 5 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ വകുപ്പ് സ്ഥിരീകരിച്ചു. പർവതത്തിലെ ബറാഫു ക്യാംപിനടുത്തു വച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

ഒരു ഡോക്ടറും, ഗൈഡും, പൈലറ്റും രണ്ട് വിദേശ സഞ്ചാരികളുമാണ് കൊല്ലപ്പെട്ടത്. സഞ്ചാരികൾ ഏത് രാജ്യക്കാരാണെന്നതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വിനോദ സഞ്ചാരികളുടെ ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലാണ് അപകടം നടന്നത്. മലമുകളിൽ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലുള്ള മൌണ്ട് കിളിമഞ്ചാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. മെഡിക്കൽ ഇവാക്വേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്ന കിളിമഞ്ചാരോ ഏവിയേഷൻ കമ്പനിയുടേതാണ് വിമാനമെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT