ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൗറീൻ നിയാസി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വിജയം മറച്ചുവയ്ക്കാൻ പാകിസ്ഥാൻ സൈന്യം വ്യാജകഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും അവർ വെളിപ്പെടുത്തി.
പാകിസ്ഥാൻ ജനറൽമാരും സൈന്യത്തിന്റെ നേതൃത്വത്തിലുള്ളവരും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് പോലെയല്ല നാലുദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് സംഘർഷം നീണ്ടുനിന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നു. പരാജയം മറ്ക്കാൻ പാക് സൈന്യം വിജയകഥ കെട്ടിച്ചമച്ചെന്നും അവർ പറഞ്ഞു.
സംഘർഷം കൂടുതൽ വഷളാകാതെയിരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് കൂടുതൽ നാണംകെടാതെ സംഘർഷത്തിൽനിന്ന് പിന്മാറാൻ പാക് സൈന്യത്തിനായത്. ട്രംപ് പാക് സൈന്യത്തിന്റെ മുഖം രക്ഷിച്ചെന്നും നൗറീൻ നിയാസി പറഞ്ഞു.
നൗറീൻ നിയാസിയുടെ ഈ പ്രസ്താവന പാകിസ്ഥാനിൽ വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ പാകിസ്ഥാനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നൗറീന് സമൻസ് അയച്ചിട്ടുണ്ട്. പാക് സർക്കാരിനെയും സൈന്യത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഏജൻസി നോട്ടീസ് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎൽഎനും നൗറീൻ നിയാസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.