Source: X
WORLD

തുർക്കിയിൽ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ നാല് പേർക്ക് ദാരുണാന്ത്യം

മരിച്ചവരിൽ ഒരു അധ്യാപകനും മൂന്ന് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ കഹ്‌റമൻമാരയിലെ ഒരു ഹൈസ്‌കൂളിൽ ബുധനാഴ്ച ഒരു വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത് .മരിച്ചവരിൽ ഒരു അധ്യാപകനും മൂന്ന് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.

വെടിവയ്പ്പ് നടത്തിയ വിദ്യാർഥിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പിതാവിൻ്റെ ആയുധങ്ങൾ ആക്രമണസമയത്ത് വിദ്യാർഥി ഒരു ബാക്ക്‌പാക്കിൽ കൊണ്ടുനടന്നിരുന്നതായി അധികൃതർ വ്യക്തമാക്കി.

വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസും അടിയന്തര സേവന സംഘവും ഉടൻ തന്നെ സ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിൽ നിരവധി വെടിവയ്പ്പുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം മാത്രം ഇത് മൂന്നാമത്തെ സംഭവമാണ്. ചൊവ്വാഴ്ച, സാൻലിയുർഫ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിൽ നടന്ന വെടിവയ്പ്പിൽ ഒരു പൂർവ വിദ്യാർഥി നടത്തിയ വെടിവയ്പിനെ തുടർന്ന് 16 പേർക്ക് പരിക്കേറ്റിരുന്നു.

ഏപ്രിൽ 7 ന്, ഇസ്താംബൂളിലെ ഇസ്രായേലി കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന് പുറത്ത് നടന്ന വെടിവയ്പ്പിൽ ഒരു അക്രമി കൊല്ലപ്പെടുകയും വെടിയുതിർത്തയാളുടെ രണ്ട് കൂട്ടാളികളും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

SCROLL FOR NEXT