Source: X
WORLD

"ഉടൻ ഇറാൻ വിട്ട് പോകണം"; ഇന്ത്യൻ പൗരൻമാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്രം

വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികൾ, തീർഥാടകർ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രത പാലിക്കണം. പ്രക്ഷോഭം നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാറണം. ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും രേഖകൾ കൈവശം ഉണ്ടായിരിക്കണമെന്നും തെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇറാനിൽ നിന്ന് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് ഇന്ത്യക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയതായി വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

"എല്ലാ ഇന്ത്യൻ പൗരന്മാരും പി‌ഐ‌ഒകളും ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾക്ക് പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. പാസ്‌പോർട്ടുകളും മറ്റ് തിരിച്ചറിയൽ രേഖകളും ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാരും സഹായത്തിനായി ബന്ധപ്പെടണമെന്നും എംബസി അഭ്യർഥിച്ചു.

ജനകീയപ്രക്ഷോഭം രൂക്ഷമായ ഇറാനിൽ സ്ഥിഗതികൾ നിയന്ത്രണാതീതമാണ്. പ്രക്ഷോഭകരിലൊരാളെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി ഭരണകൂടം നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായും സൈന്യവുമായുള്ള സംഘർഷത്തിൽ ഏറെപ്പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇതിനോടകം ഏറെ ശക്തമായിക്കഴിഞ്ഞു.

ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പുറത്തുപോവണമെന്ന മുദ്രാവാക്യമാണ് പ്രക്ഷോഭത്തിൽ ഉയർന്നു കേൾക്കുന്നത്. രാജകുടുംബാംഗമായ റേസാ പഹ്ലവി രണ്ടാമൻ തിരിച്ചു വരണമെന്നും പ്രക്ഷോഭത്തിൽ ആവശ്യമുയരുന്നുണ്ട്. അതേ സമയം പ്രതിഷേധക്കാരെ തൂക്കിലേറ്റിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ ഭരണകൂടത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അമേരിക്കന്‍ പിന്തുണയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT