ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ നഗരം വളഞ്ഞെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് കാറ്റ്‌സ് കര്‍ശന നിര്‍ദേശം നല്‍കി. ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്.
ഗാസയില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 പേരാണ്. ഗാസ സിറ്റിയിലാണ് ഇതില്‍ 47 പേരും കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ കിഴക്കന്‍ പ്രദേശമായ നെറ്റ്‌സറിന്‍ ഇടനാഴി, ഗാസ സിറ്റിയുടെ തെക്ക് പ്രദേശം എന്നിവ പിടിച്ചടക്കി കൊണ്ടിരിക്കുയാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.
ഗാസയിലുള്ളവര്‍ക്ക് മാറാനുള്ള അവസാന അവസരമാണ് ഇതെന്നും ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസയില്‍ നിന്നും ജനങ്ങള്‍ പോയി കഴിഞ്ഞാല്‍ പിന്നീട് അവശേഷിക്കുന്നത് ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും മാത്രമാകുമെന്നും കാറ്റ്‌സ് പറഞ്ഞു. അതേസമയം ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിളിച്ച സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള കരാര്‍ ഉടന്‍ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നല്‍കിയത്.