WORLD

നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: കാഠ്മണ്ഡു അടക്കം മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ന്യൂ ബനേശ്വറിലെ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് തമ്പടിച്ചതോടെ കനത്ത സുരക്ഷയാണ് പാർലമെൻ്റിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കാഠ്‌മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭം കൂടുതൽ രൂക്ഷമായതോടെ കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഠ്മണ്ഡുവിലെ റിങ് റോഡ് ഏരിയയ്ക്കുള്ളിൽ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാൽകുമാരി പാലം, കോട്ടേശ്വർ, സിനമംഗല്, ഗൗശാല, ചബഹിൽ, നാരായൺ ഗോപാൽ ചൗക്ക്, ഗോംഗാബു, ബാലജു, സ്വയംഭു, കലങ്കി, ബൽഖു, ബാഗ്മതി പാലം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ബാധകമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ലളിത്പൂർ ജില്ലയിലെ ഭൈസേപതി, സനേപ, ച്യസൽ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രാവിലെ മുതൽ അ​ർധരാത്രി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മധ്യപൂർ തിമി, സൂര്യബിനായക്, ചങ്കുനാരായൺ, ഭക്തപൂർ എന്നിവിടങ്ങളിലാണ് കർഫ്യൂ. പ്രദേശത്ത് ഒത്തുചേരലുകൾ, റാലികൾ, ഘോഷയാത്രകൾ, മീറ്റിങ്ങുകൾ, കുത്തിയിരിപ്പ് സമരങ്ങളുൾപ്പെടെയുള്ളവ സംഘടിപ്പിക്കരുത്. 1971ലെ തദ്ദേശ ഭരണ നിയമത്തിലെ സെക്ഷൻ 6(3) പ്രകാരമാണ് കർഫ്യൂ നടപ്പിലാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ സംഭവം സർക്കാരിൻ്റെ പരാജയം തുറന്നുകാട്ടിയെന്നും പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ന്യൂ ബനേശ്വറിലെ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് തമ്പടിച്ചതോടെ കനത്ത സുരക്ഷയാണ് പാർലമെൻ്റിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

കാഠ്മണ്ഡുവിലും സൺസാരിയിലും ഉണ്ടായ പ്രക്ഷോഭത്തിൽ 19 പേര്‍ കൊല്ലപ്പെട്ടതിൽ അപലപിച്ച് ദേശീയ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. കൊലപാതകങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. സംഭവത്തിൽ വേഗത്തിലുള്ളതും സുതാര്യവുമായ അന്വേഷണം നടത്തണം. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നതായും സംഘടനയുടെ വക്താവ് രവീന ഷംദാസാനി പറഞ്ഞു.

അതേസമയം, ജെൻ സി പ്രക്ഷോഭം ആളി പടർന്നതോടെ, സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നേപ്പാൾ സർക്കാർ നീക്കിയിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത്. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങാണ് വിലക്ക് നീക്കിയതായി അറിയിച്ചത്. പ്രക്ഷോഭം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് കൈമാറാനാണ് നിർദേശം.

നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമ വിലക്ക് സർ‍ക്കാർ നീക്കിയത്. ഈ മാസം നാലിനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.

SCROLL FOR NEXT