Source: Screengrab
WORLD

'ഞാൻ എന്തായാലും മാലാഖയല്ല'; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

മുഖഛായാ വിവാദം ഉയർന്നതോടെ മെലോണിയുമായി സാമ്യമുള്ള മാലാഖയുടെ ഫോട്ടോ എടുക്കാൻ നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്...

Author : ന്യൂസ് ഡെസ്ക്

റോമിലെ ക്രൈസ്തവ ദേവാലയങ്ങളിലൊന്നിലെ മാലാഖയുടെ പെയിന്‍റിംഗിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ മുഖച്ഛായ എന്ന് ആരോപണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും സംഭവം ഇറ്റലിയിൽ രാഷ്ട്രീയ പ്രശ്നമായി മാറിക്കഴിഞ്ഞു. ചിരിക്കുന്ന ഇമോജിക്ക് ഒപ്പം 'താന്‍ എന്തായാലും മാലാഖയല്ല' എന്ന ക്യാപ്ഷനില്‍ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് വിവാദത്തില്‍ മെലോണിയുടെ പ്രതികരണം.

ലൂസിനയിലെ സെന്‍റ് ലോറന്‍സ് ബസിലിക്കയിലെ പെയിന്റിംഗിനെ ചൊല്ലിയാണ് വിവാദം. അടുത്തിടെ നടത്തിയ മിനുക്ക് പണികള്‍ക്ക് ശേഷമാണ് മാലാഖയ്ക്ക് മെലോണിയുടെ മുഖച്ഛായ വന്നതെന്നാണ് ആരോപണം. ഇറ്റലിയുടെ ഭൂപടവുമായി നില്‍ക്കുന്ന മാലാഖയുടെ മുഖച്ഛായയില്‍ വന്ന മാറ്റം യാദൃച്ഛികമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ചിത്രകാരനായ ബ്രൂണോ വാലെന്‍റീനെറ്റി ഈ ആരോപണങ്ങളെല്ലാം തള്ളി.

വിഷയത്തില്‍ റോം രൂപതയും ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയവും അന്വേഷണം ആരംഭിച്ചു. നവീകരിക്കുന്നതിന് മുൻപുള്ള മാലഖയുടെ മുഖം കൂടി പരിശോധിച്ചാകും അന്വേഷണം മുന്നോട്ട് പോകുക. അതിനിടെ പള്ളിയെ മെലോണി ചാപ്പൽ എന്നും ആളുകൾ വിളിച്ചു തുടങ്ങി. ഇടവക വികാരിയായ റവ. ഡാനിയേൽ മൈക്കെലെറ്റി മുഖച്ഛായ അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ ധാരാളം കലാകാരന്മാർ അവരുടെ സൃഷ്ടികളിൽ യഥാർഥ ജീവിതത്തിലെ ആളുകളുമായുള്ള സാമ്യം കൊണ്ടുവരാറുണ്ടെന്നും അതിൽ വലിയ പ്രാധാന്യം ഇല്ലെന്നും റവ. ഡാനിയേൽ മൈക്കെലെറ്റി കൂട്ടിച്ചേർത്തു. റോമിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നാണ് സെന്‍റ് ലോറന്‍സ് ബസിലിക്ക. മുഖച്ഛായ വിവാദം ഉയർന്നതോടെ മെലോണിയുമായി സാമ്യമുള്ള മാലാഖയുടെ ഫോട്ടോ എടുക്കാൻ നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്. കുർബാനയെ പോലും തടസപ്പെടുത്തുന്ന തരത്തിലാണ് ജനപ്രവാഹം.

SCROLL FOR NEXT