Image: X
WORLD

ബാങ്ക് തുരന്ന് കവര്‍ന്നത് 270 കോടിയുടെ പണവും ആഭരണങ്ങളും; ക്രിസ്മസ് അവധിയില്‍ ജര്‍മനിയില്‍ വന്‍ കവര്‍ച്ച

ക്രിസ്മസ് അവധികാലം മുതലെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്

Author : നസീബ ജബീൻ

ജര്‍മനയില്‍ വന്‍ ബാങ്ക് കവര്‍ച്ച. 30 ദശലക്ഷം യൂറോയാണ് (ഏകദേശം 270 കോടിയിലധികം രൂപ) അതിവിദഗ്ധമായി ബാങ്കില്‍ നിന്നും കവര്‍ന്നത്. ക്രിസ്മസ് അവധികാലം മുതലെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഗെല്‍സെന്‍കിര്‍ച്ചന്‍ നഗരത്തിലാണ് പുതുവര്‍ഷ തലേന്ന് ഞെട്ടിപ്പിച്ച കവര്‍ച്ച നടന്നത്.

ബാങ്കിന്റെ വോള്‍ട്ട് റൂമിലേക്ക് തുരങ്കം നിര്‍മ്മിച്ചും വലിയ ഡ്രില്ലുകള്‍ ഉപയോഗിച്ചും കയറിയ സംഘം പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കവരുകയായിരുന്നു. ബാങ്കിന് സമീപമുള്ള പാര്‍ക്കിങ് ഗ്യാരേജില്‍ നിന്നും വോള്‍ട്ട് റൂമിലേക്ക് ഡ്രില്ല് ചെയ്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

ക്രിസ്മസ് പ്രമാണിച്ച് വ്യാഴം മുതല്‍ ഞായര്‍ വരെ ജര്‍മനിയില്‍ ബാങ്കുകള്‍ അവധിയായിരുന്നു. ഈ സമയമാണ് മോഷ്ടക്കാള്‍ മുതലെടുത്തത്. ക്രിസ്മസ് അവധിക്കാലം മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ ചിലവഴിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.

ബാങ്കിലുണ്ടായിരുന്ന 3,250 സേഫ് ഡെപ്പോസിറ്റ് ലോക്കറുകളില്‍ 3,000 എണ്ണമെങ്കിലും തകര്‍ത്തിട്ടുണ്ട്. ഏകദേശം 270 കോടിയിലധികം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിലയിരുത്തല്‍. പല ഇടപാടുകാരുടെയും നഷ്ടം ഇന്‍ഷുറന്‍സ് തുകയേക്കാള്‍ കൂടുതലാണ്.

പ്രശസ്ത ഹോളിവുഡ് ചിത്രം 'ഓഷ്യന്‍സ് ഇലവന്‍' പോലെ കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ കാറില്‍ മുഖംമൂടി ധരിച്ച സംഘം രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റും മോഷ്ടിച്ചതാണെന്ന് പിന്നീട് കണ്ടെത്തി.

കവര്‍ച്ച നടന്ന വിവരം പുറത്തറിഞ്ഞതോടെ ഇടപാടുകാരും നിക്ഷേപകരും ബാങ്കിനു മുന്നില്‍ തടച്ചു കൂടി. സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തിങ്കളാഴ്ച ഫയര്‍ അലാറം അടിച്ചപ്പോള്‍ മാത്രമാണ് കവര്‍ച്ച പുറത്തറിയുന്നത്. പരിശോധനയില്‍ ബാങ്കിന്റെ ചുമര് തുരന്നതായി കണ്ടെത്തുകയായിരുന്നു. ശനി, ഞായര്‍ രാത്രികളിലായി വലിയ ബാഗുകളുമായി ചിലരെ പാര്‍ക്കിങ് ഗ്യാരേജിനടുത്തായി കണ്ടുവെന്ന് ദൃക്‌സാക്ഷികളും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും അവധി ദിവസങ്ങള്‍ തിരഞ്ഞെടുത്ത് ബാങ്കിനുള്ളില്‍ കഴിഞ്ഞു കൊണ്ട് നടത്തിയ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയതെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT