ഗോര്‍ഡന്‍ ജി. ചാങ്  Source: x/ Gordon G. Chang
WORLD

"ചൈനയില്‍ നിന്ന് യുഎസിലേക്ക് കടത്തിയ ഫംഗസ് കോവിഡിനെക്കാൾ മാരകം"; വെളിപ്പെടുത്തലുമായി യുഎസ് രാഷ്‌ട്രീയ നിരീക്ഷകൻ

ഈ മാസം 4നാണ് മനുഷ്യജീവന് ഭീഷണിയാകുന്ന ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ചൈനയില്‍ നിന്ന് യുഎസിലേക്ക് കടത്തിയ ഫംഗസിനെ കുറിച്ചുള്ള നിർണായകമായ പ്രതികരണം പുറത്ത്. കടത്തിവിട്ട ഫംഗസ് കോവിഡിനെക്കാൾ മാരകമാണെന്നാണ് യുഎസ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഗോര്‍ഡന്‍ ജി ചാങ് അഭിപ്രായപ്പെടുന്നത്.

ഈ സംഭവത്തിൻ്റെ പേരിൽ യുഎസ് ചൈനയുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് 'ചൈന ഈസ് ഗോയിംഗ് ടു വാർ' എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയായ ഗോർഡൻ ജി ചാങ് മുന്നറിയിപ്പ് നൽകി.

"ഇത് തടയാനുള്ള ഒരേയൊരു മാർഗം ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നതാണ്. അത് അത്ര എളുപ്പമാകില്ലെന്ന് അറിയാം, എങ്കിലും നാം അത് ഉപേക്ഷിച്ചേ മതിയാകൂ. നമ്മൾ വലിയ പ്രതിസന്ധിയിലാണ്. എനിയും വൈകിയാൽ കോവിഡിനെക്കാൾ മാരകമായത് നമ്മെ ബാധിക്കും", ഫോക്സ് ന്യൂസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ മാസം 4നാണ് മനുഷ്യജീവന് ഭീഷണിയാകുന്ന ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. 34 കാരനായ സുൻയോങ് ലിയു, പെൺസുഹൃത്ത് യുംങ്കിഗ് ജിയാൻ, എന്നിവരാണ് പിടിയിലായത്.

ഗൂഢാലോചന, കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽകൽ, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അനേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ് നിലവിൽ മിഷിഗൺ ഈസ്റ്റ് ജില്ലാ കോടതിയിലാണ്.

ഫംഗസ് പുറത്തെത്തിയാൽ മാരകമായ രോഗത്തിനൊപ്പം ലോകത്തിൻ്റെ സാമ്പത്തികമേഖലയെ തകർക്കുന്നതിലേക്ക് വഴി വെക്കുമായിരുന്നുവെന്ന് യുഎസ് അറ്റോണി ഓഫീസ് പറഞ്ഞു.

മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം, പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുന്ന ഫ്യൂസേറിയം ഗ്രമിനിയറം എന്ന ഫംഗസാണ് കടത്തിയതെന്നായിരുന്നു പുറത്തുവരുന്ന വിവരം.

2024 ജൂലൈയിൽ ചൈനീസ് ഗവേഷകനായ സുൻയോങ് ലിയു സുഹൃത്തായ ജിയാനെയെ സന്ദർശിക്കുന്നതിനിടെയാണ് അപകടകാരികളായ ഫംഗസിനെ കടത്തിയത്. ഡിട്രോയിറ്റ് വിമാനത്താവളം വഴിയായിരുന്നു കടത്ത്.

ജിയാൻ ജോലി ചെയ്തിരുന്ന മിഷിഗൺ സർവകലാശാലയിലെ ലബോറട്ടറിയിൽ ഫംഗസ് ഗവേഷണം നടത്തുകയായിരുന്നു ലക്ഷ്യം. ഗോതമ്പ്, ബാർലി, ചോളം, അരി എന്നീ വിളകളിൽ വ്യാപകമായ കൃഷി നാശം ഉണ്ടാക്കുന്നയിനം ഫംഗസാണിത്. ഇത് ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തിയാൽ കരളിനെ നശിപ്പിക്കാൻ മാത്രം ശേഷി ഇതിനുണ്ട്.

SCROLL FOR NEXT