ഫ്രീഡം ഫ്ലോട്ടില്ലയില്‍ നിന്നുള്ള ഗ്രെറ്റ തുന്‍ബർഗിന്റെ എസ്ഒഎസ് വീഡിയോ Source: X/ Freedom Flotilla Coalition
WORLD

VIDEO | "എന്റെ പേര് ഗ്രെറ്റ തുൻബർഗ്, നിങ്ങള്‍ ഈ വീഡിയോ കാണുന്നെങ്കില്‍..."; ഇസ്രയേല്‍ സൈന്യം പിടികൂടും മുന്‍പ് 'ഫ്രീഡം ഫ്ലോട്ടില്ല'യില്‍ നിന്നുള്ള സന്ദേശം

പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ സഹായക്കപ്പലില്‍ ഗ്രെറ്റ ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുക്കും മുന്‍പ് ഗാസയിലേക്കുള്ള സഹായക്കപ്പല്‍ മാഡ്‌ലീനില്‍ നിന്നുള്ള സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബർഗിന്റെ വീഡിയോ സന്ദേശം പുറത്ത്. പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തില്‍ (എഫ്‌സിസി) പുറപ്പെട്ട കപ്പലില്‍ ഗ്രെറ്റ ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. സൈന്യം നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ കപ്പല്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് അവസാനം പുറത്തുവന്ന വിവരം.

" 'മാഡ്‌ലീനിലെ' സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ സൈന്യം തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഗ്രെറ്റ ഒരു സ്വീഡിഷ് പൗരയാണ്. അവരുടെ വിദേശകാര്യ മന്ത്രാലയത്തില്‍ സമ്മർദ്ദം ചെലുത്തി അവരെ സുരക്ഷിതരാക്കാൻ ഞങ്ങളെ സഹായിക്കൂ," മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഒരു 'എസ്‌ഒ‌എസ്' വീഡിയോയ്‌ക്കൊപ്പം എഫ്‌സിസി എക്സിൽ കുറിച്ചു.

എഫ്‌എഫ്‌സി പങ്കുവെച്ച വീഡിയോയില്‍ ഗ്രെറ്റയാണ് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. "എന്റെ പേര് ഗ്രെറ്റ തുൻബർഗ്, ഞാൻ സ്വീഡനിൽ നിന്നാണ്. നിങ്ങൾ ഈ വീഡിയോ കാണുന്നെങ്കില്‍ അതിനനർഥം, ഇസ്രയേലി അധിനിവേശ സേനകളോ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ശക്തികളോ ഞങ്ങളെ അന്താരാഷ്ട്ര ജലാശയത്തിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നാണ്," സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക പറഞ്ഞു.

മെഡിറ്ററേനിയൻ ദ്വീപായ സിസിലിയിലെ കാറ്റാനിയയിൽ നിന്ന്‌ ജൂൺ ഒന്നിനാണ്‌ 'മാഡ്‌ലീന്‍' എന്ന കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടത്‌. ഇസ്രയേല്‍ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടില്ല സഖ്യം സജ്ജമാക്കിയ കപ്പലാണ് ഇത്.

സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബർഗും മറ്റ് സാമൂഹിക പ്രവർത്തകരും ഉള്‍പ്പെടെ 12 പേരാണ് ഗാസയിലെ ജനങ്ങൾക്ക് സഹായമുറപ്പിക്കാൻ കപ്പലിൽ യാത്ര തിരിച്ചത്. ഗാസയിലെ വഷളാകുന്ന മാനുഷിക പ്രതിസന്ധി ഉയർത്തിക്കാട്ടുക എന്നതാണ് ദൗത്യത്തിൻ്റെ ലക്ഷ്യമെന്നാണ് സഖ്യം പറയുന്നത്.

എന്നാൽ, ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പലിനെ ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് തടഞ്ഞു. ദൗത്യത്തെ "സെലിബ്രിറ്റികളുടെ സെൽഫി യോട്ട്" എന്ന് വിശേഷിപ്പിച്ച ഇസ്രയേൽ, ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദൗത്യം നിയമവിരുദ്ധവും പ്രകോപനപരവുമാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചത്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കപ്പൽ മാനുഷിക അവകാശങ്ങൾ സംരക്ഷിക്കുന്നു എന്ന അവകാശവാദത്തിലാണ് ഗാസയിലേക്ക് തിരിച്ചത്. എന്നാൽ, ഇത് പ്രശസ്തിക്ക് വേണ്ടിയുള്ള മാധ്യമ തന്ത്രമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.

SCROLL FOR NEXT