തെക്കൻ തായ്‌ലൻഡിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ട് മരണം. ഏഴ് ലക്ഷത്തിലധികം വീടുകൾ വെള്ളം കയറി നശിച്ചു. രാജ്യത്ത് ഏകദേശം രണ്ട് ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. സോങ്‌ഖ്‌ല പ്രവിശ്യയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഹാറ്റ് യായ് നഗരത്തിൽ വെള്ളിയാഴ്ച പെയ്തത് 335 മില്ലിമീറ്റർ മഴ മഴയാണ്. ഇത് 300 വർഷത്തിനിടയിലെ 24 മണിക്കൂറിലെ ഏറ്റവും ഉയർന്ന കണക്കാണെന്നാണ് റിപ്പോർട്ടുകൾ.
വെള്ളപ്പൊക്കത്തെ തുടർന്ന് മലേഷ്യയിൽ 15,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.എന്നാൽ മലേഷ്യയിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
തായ്‌ലൻഡിലെ ഫത്തലുങ്, ട്രാങ്, സാറ്റുൻ, സൂററ്റ് താനി തുടങ്ങി 10 പ്രവിശ്യകളിലും മലേഷ്യയിലെ 8 സംസ്ഥാനങ്ങളിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് . മലേഷ്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ കെലാൻ്റനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് .കഴിഞ്ഞ വർഷവും തായ്‌ലൻഡിലുണ്ടായ മഴക്കെടുതിയിൽ 25ഓളം പേർ മരിച്ചിരുന്നു.
നൂറുകണക്കിന് ബോട്ടുകളിലും ട്രക്കുകളിലുമായാണ് തായ്‌ലൻഡിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. അതേസമയം, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിയത്നാമിൽ മരിച്ചവരുടെ എണ്ണം 91 ആയി.