WORLD

"ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല"; ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കി ഹിലരി ക്ലിന്റണ്‍

അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍, പങ്കാളിയായ ഗിസ്ലെയ്ന്‍ മാക്സ്വെല്‍ എന്നിവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ നടന്ന രണ്ട് ദിവസത്തെ മൊഴിയെടുപ്പിന്റെ ആദ്യ ദിനത്തിലാണ് ഹിലരി നിലപാട് വ്യക്തമാക്കിയത്.

അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി പ്രതികരിച്ചു. ഇന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും.

'അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. എപ്സ്റ്റീനെ ഒരിക്കലും കണ്ടിട്ടില്ല,' ഹിലരി ക്ലിന്റണ്‍ പറഞ്ഞു. അടഞ്ഞ മുറിയില്‍ നടത്തിയ മൊഴിയെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. ആറ് മണിക്കൂറോളമാണ് വ്യാഴാഴ്ച ഹിലരി ക്ലിന്റണില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

ചപ്പാക്വയിലെ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട ഹിലരി ക്ലിന്റണ്‍ പ്രസ്താവന ആവര്‍ത്തിച്ചു. ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല. ഇയാളുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. എപ്സ്റ്റീനിന്റെ ദ്വീപില്‍ പോവുകയോ ഓഫീസിലോ വീട്ടിലോ പോവുകയോ ചെയ്തിട്ടില്ലെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

അതേസമയം ജെഫ്രി എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്‌വെല്ലിനെ പരിചയമുണ്ടെന്ന് ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെ സാധാരണമായി, ഒരു പരിചയക്കാരി എന്ന തരത്തിലാണ് മാക്‌സ്‌വെല്ലിനെ അറിയാവുന്നതെന്നാണ് ക്ലിന്റണ്‍ പറയുന്നത്.

തന്റെ മകളുടെ വിവാഹത്തിന് മാക്‌സ്‌വെല്‍ പങ്കെടുത്തിരുന്നെന്നും അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരാളുടെ അതിഥിയായാണ് മാക്‌സ് വെല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ഹിലരി ക്ലിന്റണ്‍ പറഞ്ഞത്.

SCROLL FOR NEXT