ഇറാന് പിന്തുണച്ച് ഇസ്രയേലിനെതിരെ ആക്രമണം നടത്തി യുദ്ധമുഖത്തേക്ക് ഹിസ്ബുള്ളയുമെത്തിയതോടെ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു. ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ വധത്തോടെയാണ് ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഇതോടെ ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി ആരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു.
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 35 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 150ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയതോടെ തെക്കന്‍ ലെബനനില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ പലായനം ചെയ്യുകയാണ്. ഹിസ്ബുള്ളയുടെ ആയുധശാലകളെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്.
ആയത്തൊള്ള അലി ഖമനേയിയുടെ വധത്തോടെയാണ് ഷിയാ ഗ്രൂപ്പ് നേരിട്ട് യുദ്ധത്തിന് ഇറങ്ങുന്നത്. 2024ല്‍ കൊണ്ടുവന്ന ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ചുകൊണ്ടാണ് ഹിസ്ബുള്ളയുടെ നടപടി. ഇന്നലെയാണ് ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തിയത്. പരമോന്നത നേതാവിന്റെ രക്തസാക്ഷിത്വത്തിനുള്ള മറുപടിയെന്ന് ഹിസ്ബുള്ള ആക്രമണത്തെ വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തതോടെ ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ച് ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്.
യുദ്ധത്തില്‍ ഹിസ്ബുള്ള പങ്കാളി ആയതോടെ തെക്കന്‍ ലെബനനില്‍ നിന്ന് കൂട്ടപലായനമാണ് നടക്കുന്നത്. റോഡുകളില്‍ വലിയ ട്രാഫിക്കാണ് ഇതിനകം രൂപപ്പെട്ടത്. ലെബനനിലെ 50 ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് ഐഡിഎഫും ആവശ്യപ്പെട്ടു. അതേസമയം പ്രാദേശിക യുദ്ധത്തില്‍ നിന്ന് ലെബനനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തുരങ്കം വക്കുന്നതാണ് നടപടിയെന്ന് ലെബനീസ് ഭരണാധികാരികള്‍ വിമര്‍ശിച്ചു.
അമേരിക്കയുടെ പാശ്ചാത്യ സഖ്യകക്ഷികളായ ഫ്രാന്‍സ്, ജര്‍മനി, അമേരിക്കയെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കി. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കികൊണ്ട് ഇറാനെതിരെയുള്ള ആക്രമണങ്ങളെ പിന്തുണക്കുമെന്നാണ് നിലപാട്. അതേ സമയം രണ്ട് ഫ്രഞ്ച് കപ്പലുകള്‍ അടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ ദൗത്യ സംഘം പശ്ചിമേഷ്യന്‍ തീരത്തേക്ക് നീങ്ങുകയാണ്.