ഗാസയില്‍ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നു Source: News Malayalam 24x7
WORLD

ഇനി എത്ര മാധ്യമ പ്രവർത്തകരാണ് ഗാസയില്‍ ഇസ്രയേലിന്റെ ഹിറ്റ്‍‌‌ലിസ്റ്റിലുള്ളത്?

കൂട്ടനിലവിളികള്‍ ഉയർന്നിട്ടും 'ബധിര' കർണങ്ങള്‍ ഗാസയിലേക്ക് ശ്രദ്ധയോടെ അടുപ്പിച്ച് പരിഹസിക്കുന്ന ലോകരാജ്യങ്ങള്‍ മാധ്യമപ്രവർത്തകരോട് നീതി കാട്ടുമോ?

Author : ശ്രീജിത്ത് എസ്

ഗാസയില്‍ നിന്നും അല്‍ ജസീറ കറസ്പോണ്ടന്റായ പലസ്തീന്‍ പൗരന്‍ അനസ് അല്‍ ഷരീഫിന്റെ സമൂഹമാധ്യമ പേജില്‍ വന്ന അവസാന 'റിപ്പോർട്ട്' ആ മാധ്യമ പ്രവർത്തകന്റെ അന്ത്യ സന്ദേശമായിരുന്നു. ദീർഘമായ ആ കുറിപ്പ് മുന്‍കൂട്ടി എഴുതി തയ്യാറാക്കി, സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷമാണ് ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ വസ്തുത ചോരാതെ നമ്മളിലേക്ക് എത്തിക്കാന്‍ അനസ് ഇറങ്ങിത്തിരിച്ചത്.

അൽ ഷിഫാ ആശുപത്രിയുടെ പ്രധാന ഗേറ്റിന് അടുത്തായുള്ള മാധ്യമ ക്യാംപിലേക്ക് നടന്ന വ്യോമാക്രമണത്തിലാണ് അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെ അഞ്ച് അല്‍ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അല്‍ ജസീറ കറസ്പോണ്ടന്റായ മുഹമ്മദ് ഖുറൈഖ, ക്യാമറാമാന്മാരായ ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മൊഅമെൻ അലിവ എന്നിവരാണ് ആക്രമണത്തില്‍ അനസിനൊപ്പം രക്തസാക്ഷികളായത്.

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ മൃതദേഹത്തിന് അരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍

പ്രതീക്ഷിച്ചിരുന്ന മരണത്തെ മുന്നില്‍ കണ്ടപ്പോഴും ആ മാധ്യമപ്രവർത്തകന്‍ തന്റെ സഹപ്രവർത്തകരോട് അഭ്യർഥിച്ചത്,"ചങ്ങലകൾ നിങ്ങളെ നിശബ്ദരാക്കാനോ അതിർത്തികൾ നിങ്ങളെ പിന്നോട്ട് വലിക്കാനോ അനുവദിക്കരുത്" എന്നാണ്. അങ്ങനെയുണ്ടായാല്‍ വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയും പലസ്തീനില്‍ മരിച്ചു വീഴുന്നവരുടെ കൂട്ട കുഴിമാടങ്ങളിലെ പച്ചമണ്ണില്‍ വീഴുന്ന കണ്ണുനീർ ഉണങ്ങും മുന്‍പ് അസത്യം ഉലകം ചുറ്റി വരികയും ചെയ്യുമെന്ന് ആ മാധ്യമ പ്രവർത്തകന് ഉറപ്പായിരുന്നു.

ഈ രക്തസാക്ഷിത്വം അപ്രതീക്ഷിതമായിരുന്നോ? അല്ല. ഗാസയില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളേയും മാതൃരാജ്യത്ത് കാലുറപ്പിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഏതൊരു മനുഷ്യരേയുംപോലെ മാധ്യമപ്രവർത്തകരെയും 'മരണം' ഒരു അപായ സൈറണ്‍ പോലും മുഴക്കാതെ തേടിയെത്തുന്നു. കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 235 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 49 പേർ ജയിലിലാണ്. 480 ജേണലിസ്റ്റുകള്‍ക്കാണ് സംഘർഷഭൂമിയില്‍ പരിക്കേറ്റത്. ഗാസ ഭരണകൂടത്തിന്റെ കണക്കുപ്രകാരം, ഇതുവരെ 237ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് മാസത്തില്‍ 13 ജേണലിസ്റ്റുകള്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. ലോകമഹായുദ്ധങ്ങൾ, വിയറ്റ്നാമിലെയും യുഗോസ്ലാവിയയിലെയും യുദ്ധങ്ങൾ, അഫ്ഗാനിസ്ഥാനിലെ യുഎസ് അധിനിവേശം എന്നിവയേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തല്‍.

ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ ഭൗതികശരീരം

കൃത്യമായി ജേണലിസ്റ്റുകളെ ലക്ഷ്യംവെച്ചാണ് പലപ്പോഴും ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ജനുവരി ഏഴിന് അല്‍ ജസീറ ജേണലിസ്റ്റ് ഹംസ ദഹ്ദൂഹ് സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് മിസൈല്‍ പതിച്ചത്. അത്, ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹിന്റെ കുടുംബത്തിന് നഷ്ടമാകുന്ന അഞ്ചാമത്തെ ജീവനായിരുന്നു. സമാനമായ രീതിയിലാണ് മാർച്ച് 24ന് റിപ്പോർട്ടർ ഹൊസം ഷബത്തും കൊല്ലപ്പെട്ടത്.

ഷബത്ത് ഹമാസിന്റെ രഹസ്യ ഓപ്പറേറ്റീവ് ആയിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. പലസ്തീനിയന്‍ മാധ്യമ പ്രവർത്തകരെ വേട്ടയാടാന്‍ ഇസ്രയേല്‍ നിരന്തരം പ്രയോഗിക്കുന്ന ആരോപണമാണിത്- ഒരു ഹമാസ് ബന്ധം. ഇങ്ങനെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഗാസയില്‍ ചാപ്പകുത്തപ്പെടുന്നു എന്ന് കാണുമ്പോള്‍ ഈ ആരോപണങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് മാനസിലാക്കാം. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് ഇസ്രയേലിന്റെ ഇത്തരം ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ ഹിറ്റ്‍‌ലിസ്റ്റിലുള്ള മാധ്യമപ്രവർത്തകർക്ക് കൃത്യമായ മുന്നറിയിപ്പും ഇവർ നല്‍കിയിട്ടുണ്ട്. അത്തരം ഒന്ന് അനസ് അല്‍ ഷരീഫിനും ലഭിച്ചിരുന്നു.

അനസ് അല്‍ ഷരീഫ് ഗാസയിലെ ഹമാസിന്റെ ഒരു സായുധ വിഭാഗത്തിന് നേതൃത്വം നല്‍കുന്നുവെന്നാണ് ഇസ്രയേല്‍ പ്രചരിപ്പിച്ചിരുന്നത്. ഇസ്രയേല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച ഘട്ടത്തില്‍ തന്നെ അനസിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സിജിപി മുന്നറിയിപ്പ് നല്‍കി. പക്ഷേ ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് അയാള്‍ വീണ്ടും റിപ്പോർട്ടിങ്ങിനിറങ്ങി. "വളച്ചൊടിക്കല്‍ ഇല്ലാതെ, സത്യം അതേപടി അറിയിക്കാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല," എന്ന തയ്യാറാക്കി വെച്ചിരുന്ന അന്ത്യ സന്ദേശത്തിന് താന്‍ യോഗ്യനാണെന്ന് തെളിയിക്കുകയായിരുന്നു ആ 28കാരന്‍.

അല്‍ ജസീറ കറസ്പോണ്ടർമാരായ അനസ് അല്‍ ഷരീഫ്, മുഹമ്മദ് ഖുറൈഖ

"മാതൃരാജ്യത്തിന് മുകളിൽ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യൻ ഉദിക്കുന്നത് വരെ, നാടിന്റെയും ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകാനാണ്" മരിക്കും മുന്‍പ് (ശേഷം) അനസ് ആഹ്വാനം ചെയ്തത്. ഇത് എല്ലാ പലസ്തീനിയന്‍ മാധ്യമപ്രവർത്തകരുടെയും സ്വരമാണ്. പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ ഫാത്തിമ ഹസൂനയുടെ അവസാന സന്ദേശത്തിനും ഇതേ മൂർച്ചയുണ്ടായിരുന്നു.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 25കാരിയായ ഫാത്തിമയ്‌ക്കൊപ്പം ഗർഭിണിയായിരുന്ന സഹോദരി ഉള്‍പ്പെടെ പത്ത് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് 'പ്രതീക്ഷിച്ചിരുന്ന മരണം' ഫാത്തിമയെ തേടിയെത്തിയത്. ഗാസയിലെ ഫാത്തിമയുടെ ജീവിതം സംബന്ധിച്ചൊരു ഡോക്യുമെന്ററി കാനിന് സമാന്തരമായ ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയില്‍ പ്രീമിയറിന് തെരഞ്ഞെടുക്കപ്പെട്ടിട്ട് അപ്പോള്‍ 24 മണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല. "നിശബ്ദമായി കടന്നുപോകാന്‍ എനിക്ക് ഇട വരരുത്" എന്നാണ് ഫാത്തിമ തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 'വെറുമൊരു ബ്രേക്കിങ് ന്യൂസ് ആകാനോ ഏതെങ്കിലും കൂട്ടത്തിലെ ഒരു എണ്ണം ആകാനോ' അവള്‍ ആഗ്രഹിച്ചില്ല.

ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന

എന്നാല്‍, ഫാത്തിമ ആഗ്രഹിച്ച പോലെ ലോകം കേള്‍ക്കുന്ന ഒരു മരണം, അത് ഇന്ന് ഗാസയില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് ലഭിക്കുമോ? കൂട്ടനിലവിളികള്‍ ഉയർന്നിട്ടും 'ബധിര' കർണങ്ങള്‍ ഗാസയിലേക്ക് ശ്രദ്ധയോടെ അടുപ്പിച്ച് പരിഹസിക്കുന്ന ലോകരാജ്യങ്ങള്‍ മാധ്യമപ്രവർത്തകരോട് നീതി കാട്ടുമോ? ഈ ചോദ്യങ്ങളുടെ ഉത്തരം എന്തുതന്നെയായാലും ഈ നിമിഷം മറ്റൊരു ജോണലിസ്റ്റ് ഗാസയില്‍ ഉയർകൊണ്ടിരിക്കും. ബിരുദമോ പ്രവൃത്തിപരിചയമോ അല്ല ആ ജേണലിസ്റ്റിനെ സൃഷ്ടിക്കുന്നത്. അനുഭവങ്ങളുടെ നരകച്ചൂടാണ്. അതില്‍ തൊലി അടരുമ്പോള്‍, ലോകം ആ പൊള്ളല്‍ കാണുന്നില്ലെന്ന് തോന്നുമ്പോള്‍ അവർ തങ്ങളുടെ ഒച്ച ഉയർത്തും. അത് കേള്‍ക്കുക എന്നത് മനുഷ്യന്റെ കടമയാണ്. അവർ ജാഗരൂകരാണ്. അധിനിവേശകർ ആ മണ്ണ് വിടും വരെ.

Awake so that the colonizers might leave

Awake so that people can sleep

“Everyone has to sleep sometime,” they say

I am awake

and ready to die

(Najwan Darwish)

SCROLL FOR NEXT