ബുഡാപെസ്റ്റ്: ഹംഗറി പ്രസിഡണ്ട് തമാസ് സുലിയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി പാസാക്കി പുതിയ സർക്കാർ. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുന്നതിനും ഭരണകൂടത്തെ അടിമുടി പരിഷ്കരിക്കുന്നതിനുമാണ് നടപടിയെന്ന് പ്രധാനമന്ത്രി പീറ്റർ മഗ്യാർ വ്യക്തമാക്കി. നീണ്ട പതിനാറ് വർഷം രാജ്യം ഭരിച്ച വിക്ടർ ഓർബനിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് ടിസ പാർട്ടി ഭരണം പിടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് ഓർബന്റെ രാഷ്ട്രീയ നിയമനങ്ങളെയും സ്വാധീനങ്ങളെയും റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി. പ്രസിഡന്റിനെ മാറ്റുന്നതിന് പുറമെ, പാർലമെന്റ് അംഗങ്ങൾക്ക് പരമാവധി 12 വർഷത്തെ കാലാവധി നിശ്ചയിക്കാനും ഭേദഗതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. ഭേദഗതിയിൽ പ്രസിഡന്റ് ഒപ്പുവെച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പിടാൻ സുൽയോക്കിന് ഇനി അഞ്ച് ദിവസത്തെ സമയമുണ്ട്.