ഡൊണാൾഡ് ട്രംപ് Source: Google
WORLD

'രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു, അതൊക്കെ ആളുകള്‍ക്ക് അറിയാം'; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര വ്യക്തിയാണെന്നും അഭിപ്രായപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചു. എന്നിട്ടും മാധ്യമങ്ങളില്‍ അതൊരു സ്റ്റോറിയായി വന്നില്ല. പക്ഷേ, ആളുകള്‍ക്കെല്ലാം അറിയാമെന്ന് ട്രംപ് പറഞ്ഞു. പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര വ്യക്തിയാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച പാക് കരസേനാ മേധാവി അസിം മുനീറിന് വൈറ്റ് ഹൗസില്‍ വിരുന്നും ഒരുക്കിയിരുന്നു. പിന്നാലെയാണ്, വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അവകാശവാദം ആവര്‍ത്തിച്ചത്.

"ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ ഒഴിവാക്കി. ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. മോദി ഒരു ഗംഭീര മനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഇന്ത്യയുമായി ഞങ്ങളൊരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു. സംഘര്‍ഷം തടയുന്നതില്‍, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ മനുഷ്യനും (അസിം മുനീര്‍), ഇന്ത്യയുടെ ഭാഗത്തുനിന്ന് മോദിയും, മറ്റുള്ളവരും വലിയ സ്വാധീനം ചെലുത്തി. ഇരുവരും ആണവ രാജ്യങ്ങളാണ്, അവരത് ചെയ്യാന്‍ പോകുകയായിരുന്നു. ഞാനത് അവസാനിപ്പിച്ചു" -ട്രംപ് പറഞ്ഞു.

ഇതൊന്നും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നും ട്രംപ് പരിഭവം പറഞ്ഞു. രണ്ട് രാജ്യങ്ങള്‍, പ്രധാന ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു. അതിനെക്കുറിച്ച് ഒരു സ്റ്റോറി പോലും എഴുതപ്പെട്ടില്ല. അത് സാരമില്ല. എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? അതെല്ലാം ആളുകള്‍ക്ക് അറിയാം -ട്രംപ് പറഞ്ഞു. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രപരമായി എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ സൈനിക നടപടി ആരംഭിച്ചത്. ഇന്ത്യയുടെ മിന്നല്‍ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചു. പിന്നാലെ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചതും സൈനിക നടപടി അവസാനിപ്പിച്ചതും. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനുമുന്‍പേ ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ത്യ അന്നുതന്നെ ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു.

SCROLL FOR NEXT