Image: X
WORLD

ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപില്‍ ദേവ് അടക്കമുള്ള മുന്‍ താരങ്ങള്‍

ഇമ്രാന്‍ ഖാന്റെ കാഴ്ച 85 ശതമാനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് 14 മുന്‍ ക്യാപ്റ്റന്‍മാര്‍ കത്ത് നല്‍കി.

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് മുന്‍ താരങ്ങളുടെ കത്ത്. ഗ്രെഗ് ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, മൈക്കല്‍ അതെര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ഇയാന്‍ ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, മൈക്കല്‍ ബ്രെയര്‍ലി, ഡേവിഡ് ഗോവര്‍, കിം ഹ്യൂസ്, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോണ്‍ റൈറ്റ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടത്.

നേരത്തെ, ഇമ്രാന്‍ ഖാന് ചികിത്സ ആവശ്യപ്പെട്ട് മുന്‍ പാക് താരങ്ങളായ വസീം അക്രം, വഖാര്‍ യൂനിസ്, ഷാഹിദ് അഫ്രീദി എന്നിവര്‍ രംഗത്തു വന്നിരുന്നു.

ഇമ്രാന്‍ ഖാന്റെ കാഴ്ച 85 ശതമാനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദ്ദേഹത്തെ ജയിലിലെത്തി കാണാന്‍ അധികൃതര്‍ അനുവദിക്കില്ലെന്നാരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന അതീവ ഇടുങ്ങിയ സെല്ലിലാണ് ഇമ്രാനെ താമസിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ 2025 ഡിസംബറില്‍ പറഞ്ഞിരുന്നു.

2022-ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും ജയിലിലാണ്. നിരവധി അഴിമതിക്കേസുകള്‍ നേരിടുന്ന അദ്ദേഹത്തിന്, 2025 ഡിസംബറിലെ അവസാന വിധി പ്രകാരം നിലവില്‍ 31 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

SCROLL FOR NEXT