വാഷിങ്ടൺ: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായുള്ള തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനം യുഎസിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും. എന്നാല്‍ മൂന്നാം വര്‍ഷത്തില്‍, 2028 ഓഗസ്റ്റ് മുതല്‍ ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും നികുതി കുത്തനെ ഉയര്‍ത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്.
അനുവദിച്ച സമയപരിധിക്കുള്ളില്‍ യുഎസ് പ്ലാൻ്റുകളും ഉല്‍പ്പാദന സൗകര്യങ്ങളും നിര്‍മിക്കാത്ത കമ്പനികള്‍ക്കുള്ള പിഴയായാണ് ഈ ഉയര്‍ന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, പേറ്റൻ്റ് ഉള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ക്ക് നിലവിലുള്ള നയം മാറ്റമില്ലാതെ തുടരുമെന്നും ട്രംപ് അറിയിച്ചു. ട്രംപിൻ്റെ പുതിയ തീരുമാനം ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.