Image: X
WORLD

തോഷാഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യക്കും 17 വര്‍ഷം തടവ് ശിക്ഷ

2021ല്‍ സൗദി സര്‍ക്കാരില്‍ നിന്ന് ഇമ്രാന്‍ ഖാനും ഭാര്യക്കും ലഭിച്ച സമ്മാനങ്ങള്‍ തട്ടിയെടുത്തതാണ് തോഷാഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്

Author : ന്യൂസ് ഡെസ്ക്

തോഷാഖാന അഴിമതിയിലെ രണ്ടാമത്തെ കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ് ശിക്ഷ. 2022 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം നിരവധി കേസുകളാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്നത്. 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ് 73 കാരനായ മുന്‍ പാക് ക്രിക്കറ്റ് താരം.

2021ല്‍ സൗദി സര്‍ക്കാരില്‍ നിന്ന് ഇമ്രാന്‍ ഖാനും ഭാര്യക്കും ലഭിച്ച സമ്മാനങ്ങള്‍ തട്ടിയെടുത്തതാണ് തോഷാഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്. തെഹ് രീഖ്-ഇ-ഇന്‍സാഫ് നേതാവായ ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവില്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അഡിയാല ജയിലിലാണ് കഴിയുന്നത്. ഇവിടെ വെച്ചാണ് പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് വിധി പറഞ്ഞത്. ഇരുവര്‍ക്കും 16.4 ദശലക്ഷം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അഴിമതി കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യക്കും നേരത്തേ പത്ത് വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. അഴിമതി കേസിലെ വിചാരണയില്‍ 21 സാക്ഷികളാണ് ഹാജരായത്. കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതും വ്യാജവുമാണെന്നായിരുന്നു വിധി കേട്ട ശേഷം ഇമ്രാന്‍ ഖാന്റെ പ്രതികരണം.

2024 ലാണ് രണ്ടാമത്തെ കേസ് ഫയല്‍ ചെയ്തത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പാരിതോഷികങ്ങള്‍ പാകിസ്ഥാന്റെ സ്റ്റേറ്റ് ഗിഫ്റ്റ് റിപ്പോസിറ്ററിയായ തോഷാഖാനയില്‍ നിക്ഷേപിക്കാതെ മറിച്ചുവിറ്റുവെന്നാണ് ആരോപണം. വിലപിടിപ്പുള്ള വാച്ചുകള്‍, വജ്രം, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പാരിതോഷികങ്ങളാണ് സൗദിയില്‍ നിന്ന് ലഭിച്ചത്.

തോഷഖാന വകുപ്പ്

1974 ല്‍ പാകിസ്ഥാനില്‍ സ്ഥാപിതമായ വകുപ്പാണ് തോഷഖാന. ഈ വകുപ്പാണ് പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങളും മറ്റ് വസ്തുക്കളും സംഭരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, അന്തര്‍ദേശീയ പ്രമുഖര്‍ തുടങ്ങിയവരൊക്കെ നല്‍കുന്ന വിലകൂടിയ സമ്മാനങ്ങള്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഈ വകുപ്പിന് നല്‍കണം. മാത്രമല്ല, ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും ക്യാബിനറ്റ് ഡിവിഷനില്‍ അറിയിക്കുകയും വേണം. പാകിസ്ഥാന്റെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്. 30,000 പാകിസ്ഥാനി രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ക്ക് നിശ്ചിത ശതമാനം നികുതി അടച്ച് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാം.

എന്താണ് ഇമ്രാന്‍ ഖാനെ കുടുക്കിയ തോഷാഖാന കേസ്

പ്രധാനമന്ത്രിയായിരിക്കേ ഇമ്രാന്‍ ഖാന്‍ തനിക്ക് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ തോഷാഖാന വകുപ്പിനെ ഏല്‍പ്പിക്കാതെ സ്വന്തം നിലയ്ക്ക് വിറ്റു എന്നായിരുന്നു കേസ്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കേ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചില വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി. സൗദിയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായ അപൂര്‍വ സമ്മാനം. ഒരു മോതിരം, കഫ്‌ളിങ്ക്, ഒരു പേന, പിന്നെയൊരു ഡയമണ്ട് ഗ്രാഫ് വാച്ച്! ഇത് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന വ്യക്തി ഇമ്രാന്‍ ഖാന് നല്‍കിയ സമ്മാനങ്ങളായിരുന്നില്ല, സൗദി കിരീടാവകാശി പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങളായിരുന്നു, അതായത് ഈ സമ്മാനങ്ങള്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റേതാണ്, തോഷഖാന വകുപ്പിലേക്ക് കൈമാറേണ്ട പൊതു സ്വത്താണ്.

SCROLL FOR NEXT