WORLD

"ഇമ്രാൻ ഖാൻ ജീവനോടെയുണ്ട്, ജയിലിൽ മാനസിക പീഡനം നേരിടുന്നതിൽ ദേഷ്യത്തിലാണ്"; ഒടുവിൽ സഹോദരനെ സന്ദർശിച്ച് ഉസ്മ ഖാനം

താൻ ജയിലിലാകാനുള്ള അവസ്ഥയ്ക്ക് കാരണക്കാരനായി പാക് ആർമി ചീഫ് ജനറൽ അസിം മുനീറിനെ ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായും ഉസ്മ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ ജയിലിൽ അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും സഹോദരി ഡോ. ഉസ്മ ഖാനം. നീണ്ട സമരങ്ങൾക്കും കാത്തിരിപ്പിനും ശേഷം സഹോദരനെ കാണാനായെന്നും ചൊവ്വാഴ്ച വൈകുന്നേരം ഇമ്രാൻ ഖാനുമായി 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയെന്നും അവർ പറഞ്ഞു.

"അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി), സഹോദരൻ ഇമ്രാൻ ഖാന് കുഴപ്പമൊന്നുമില്ല... പക്ഷേ കടുത്ത മാനസിക പീഡനം നേരിടുന്നതിനാൽ ദേഷ്യമുണ്ടായിരുന്നു. ദിവസം മുഴുവൻ അദ്ദേഹത്തെ ജയിലിലെ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്. കുറച്ചുനേരം മാത്രമെ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ അനുവാദമില്ല," പുറത്തിറങ്ങിയ ശേഷം സഹോദരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. താൻ ജയിലിലാകാനുള്ള അവസ്ഥയ്ക്ക് കാരണക്കാരനായി പാക് ആർമി ചീഫ് ജനറൽ അസിം മുനീറിനെ ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായും ഉസ്മ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച നടന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആഴ്ചകളോളം അദ്ദേഹത്തെ കാണുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇമ്രാൻ ഖാൻ്റെ അനുയായികളുടെ പ്രതിഷേധത്തെ തുടർന്നാണ് വലിയ ഒത്തുചേരലുകൾ നിരോധിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായത്.

എന്നാൽ അവയ്ക്കും ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുള്ള പ്രതിഷേധങ്ങളെ തടയാനായില്ല. കഴിഞ്ഞ മാസം ഇമ്രാൻ ഖാൻ്റെ മൂന്ന് സഹോദരിമാരായ നൊറീൻ നിയാസി, അലീമ ഖാൻ, ഉസ്മ ഖാനം എന്നിവർ അദ്ദേഹത്തെ കാണാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തടഞ്ഞതോടെ മുൻ പ്രധാനമന്ത്രിയുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു.

നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ , ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്.

SCROLL FOR NEXT