WORLD

കുടിയേറ്റ പാതകളില്‍ മരിച്ചുവീഴുന്നവര്‍; കണക്കുകള്‍ ആശങ്കപ്പെടുത്തുമ്പോള്‍

അധികൃതരുടെ കണ്ണുവെട്ടിച്ചും, അന്യായ മാര്‍ഗങ്ങളിലൂടെയുമാണ് പലരും രക്ഷപ്പെടുന്നത്. അതിനിടെ സംഭവിക്കുന്ന അപകടമോ, മരണമോ ഒന്നും പുറംലോകം തന്നെ അറിയുന്നുണ്ടാകില്ല.

Author : എസ് ഷാനവാസ്

2015 സെപ്റ്റംബര്‍ രണ്ടിന്, തുര്‍ക്കിയിലെ ബോഡ്രമില്‍നിന്ന് നിന്നൊരു ബോട്ട് പുറപ്പെട്ടു. ബോട്ട് എന്ന് വിളിക്കാമോ എന്നുറപ്പില്ല. ഗ്യാസ് നിറച്ച് ഉപയോഗിക്കാവുന്ന ഒരു ചങ്ങാടമായിരുന്നു അത്. നാല് കിലോമീറ്ററോളം അകലെയുള്ള ഗ്രീക്ക് ദ്വീപ് കോസ് ആയിരുന്നു ലക്ഷ്യസ്ഥാനം. അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ലക്ഷ്യം. യാത്രയ്ക്ക് നിയമപരമായ അനുമതിയില്ലാതിരുന്നതിനാല്‍, പാതിരാത്രി പിന്നിട്ടപ്പോഴായിരുന്നു ബോട്ട് പുറപ്പെട്ടത്. എട്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ 16 പേര്‍! യാത്ര തുടങ്ങി അഞ്ചാം മിനുറ്റില്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. ജീവന്‍ രക്ഷാ ഉപകരണങ്ങളൊന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ല. യാത്രക്കാര്‍ അണിഞ്ഞിരുന്ന ലൈഫ് ജാക്കറ്റുകളൊന്നും യഥാര്‍ഥമായിരുന്നില്ല അല്ലെങ്കില്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ പോന്നവയായിരുന്നില്ല.

പുലര്‍ച്ചെ അഞ്ച് മണിയോടെ ബോട്ട് മറിഞ്ഞെന്ന വിവരം അറിഞ്ഞ തുര്‍ക്കി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആറരയോടെ, ബ്രോഡം തീരത്ത് ഒരു രണ്ട് വയസുകാരന്റെ ചേതനയറ്റ ശരീരം വന്നടിഞ്ഞു. പ്രദേശവാസികള്‍ക്കൊപ്പം മെഹ്‍മദ് സിപ്ലക് എന്ന പൊലീസുകാരന്‍ അവിടേക്ക് ഓടിയെത്തി. ഏറെ പ്രതീക്ഷയോടെയാകണം, തണുത്തുവിറച്ച ആ കുഞ്ഞുശരീരം അദ്ദേഹം വാരിയെടുത്തു. ജീവനറ്റ ശരീരമെന്ന തിരിച്ചറിവില്‍ ഒരുവേള അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി. ഡോഗന്‍ ന്യൂസ് ഏജന്‍സിയിലെ ഫോട്ടോജേണലിസ്റ്റായ നിലൂഫര്‍ ഡെമിര്‍ എന്ന 29കാരിയുടെ ക്യാമറ തുടരെ മിന്നി. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ആ ചിത്രം നിറഞ്ഞു. കുടിയേറ്റക്കാരുടെ ശ്മശാനമായി മാറിയ മെഡിറ്ററേനിയന്‍ കടലില്‍ പെട്ടുപോയ കുഞ്ഞുജീവന്‍. ലോക മനസാക്ഷിയെ പൊള്ളിച്ച ആ ഓമനമുഖം അലന്‍ കുര്‍ദിയുടേതായിരുന്നു. അലന്റെ മാതാവ് റെഹാനെയുടെയും, സഹോദരന്‍ അഞ്ച് വയസുകാരന്‍ ഗാലിബിന്റെയും ഉള്‍പ്പെടെ മൃതദേഹങ്ങളും പിന്നാലെ കണ്ടെത്തി.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വലഞ്ഞാണ്, അലന്റെ കുടുംബം കൊബാനിയില്‍നിന്നും തുര്‍ക്കിയില്‍ അഭയം തേടിയത്. 2015ല്‍ കൊബാനിയിലേക്ക് മടങ്ങിയെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങളെത്തുടര്‍ന്ന് തുര്‍ക്കിയില്‍ തിരിച്ചെത്തി. ഇതിനിടെ, അലന്റെ പിതാവ് അബ്ദുല്ല കുര്‍ദി വാന്‍കൂവറിലുള്ള ബന്ധുക്കള്‍ മുഖേനെ കാനഡയില്‍ രാഷ്ട്രീയാഭയം തേടാന്‍ ശ്രമിച്ചെങ്കിലും, തുര്‍ക്കി അധികൃതര്‍ എക്സിറ്റ് വിസ നല്‍കാത്തതിനാല്‍ നടന്നില്ല. അങ്ങനെയാണ് അബ്ദുല്ല രണ്ടും കല്പിച്ച് കുടുംബത്തെ കോസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. വലിയ തുക നല്‍കി കുര്‍ദി കുടുംബം ബോട്ടില്‍ ഇടം പിടിച്ചെങ്കിലും പ്രതീക്ഷയുടെ തീരമണയാന്‍ അവര്‍ക്ക് സാധിച്ചില്ല.

2025 മെയ് ഒമ്പത്. ബംഗ്ലാദേശിലെ കോക്സ് ബസാറില്‍നിന്നും, മ്യാന്മറിലെ റാഖൈനില്‍ നിന്നുമായി 267 പേരുമായി പുറപ്പെട്ടൊരു ബോട്ട് കടലില്‍ മുങ്ങി. 66 പേര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. തൊട്ടടുത്ത ദിവസം, 247 പേരുമായി പോയൊരു ബോട്ടും മറിഞ്ഞു. ജീവന്‍ തിരികെ കിട്ടിയത് 21 പേര്‍ക്ക്. മെയ് 14ന് 188 പേരുള്ളൊരു ബോട്ട് മ്യാന്മറില്‍നിന്ന് യാത്ര തുടങ്ങിയപ്പോള്‍ തന്നെ തടയപ്പെട്ടു. വംശീയഹത്യയും സായുധ ആക്രമണങ്ങളും ഭയന്ന്, പിറന്ന മണ്ണ് വിട്ട് ഓടിപ്പോരേണ്ടിവന്ന മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ ദുരവസ്ഥയാണിത്. യുഎന്‍ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍ 30 വരെ മ്യാന്മറില്‍ നിന്ന് കുടിയിറക്കപ്പെടുകയും, പൌരത്വം പോലുമില്ലാതെ ജീവിക്കുകയും ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ എണ്ണം 1,272,081 ആണ്. ഇവരില്‍ 89 ശതമാനം ബംഗ്ലാദേശിലും, 8.8 ശതമാനം പേര്‍ മലേഷ്യയിലുമാണ് അഭയം തേടിയിരിക്കുന്നത്.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) 2024ൽ 8,938 കുടിയേറ്റ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആഭ്യന്തര, വംശീയ സംഘര്‍ഷങ്ങളും യുദ്ധങ്ങളും, രാഷ്ട്രീയ-സാമ്പത്തിക അരക്ഷിതാവസ്ഥയുമൊക്കെയാണ് അഭയാര്‍ഥികളെ കൂട്ടുന്നത്. 1990 മുതല്‍ 2024 വരെയുള്ള കണക്കുകളില്‍, അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 30.4 കോടി എത്തിയെന്നാണ് അന്താരാഷ്ട്ര മൈഗ്രന്റ് സ്റ്റോക്ക് റിപ്പോര്‍ട്ട്. 1990ല്‍ അത് 15.4 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചിരിക്കുന്നത് യൂറോപ്പാണ്. 9.4 കോടി അഭയാര്‍ഥികളാണ് യൂറോപ്പിലുള്ളത്. വടക്കേ അമേരിക്ക (6.1 കോടി), വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ (5.4 കോടി വീതം) എന്നിങ്ങനെയാണ് പട്ടിക. പ്രാണരക്ഷാര്‍ഥം പിറന്ന നാടും വീടുമൊക്കെ ഉപേക്ഷിച്ച് ഓടിപ്പോകുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച്, കുടിയേറ്റ പാതകളില്‍ മരിച്ചുവീഴുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. യുഎന്‍ കണക്ക് പ്രകാരം, 2024ല്‍ ഒമ്പതിനായിരത്തോളം പേരാണ് കുടിയേറ്റ പാതയില്‍ മരിച്ചുവീണത്. അഞ്ച് വര്‍ഷമായി ഭീതിപ്പെടുത്തുന്ന തരത്തിലാണ് മരണസംഖ്യ ഉയരുന്നത്. 2020 മുതല്‍ കുടിയേറ്റ പാതകളിലെ മരണനിരക്ക് ഇരട്ടിയിലധികമായിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കുന്നു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) 2024ൽ 8,938 കുടിയേറ്റ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള പല മരണങ്ങളും രേഖപ്പെടുത്താതിരിക്കുകയോ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാല്‍ യഥാര്‍ഥ മരണസംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് ഐഒഎം പറയുന്നുമുണ്ട്. ഏഷ്യന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; 2,788 പേര്‍. തൊട്ടുപിന്നില്‍ മെഡിറ്ററേനിയന്‍ കടലാണ്; 2,452 മരണം. ആഫ്രിക്ക 2,242, അമേരിക്കന്‍ രാജ്യങ്ങള്‍ 123, യൂറോപ്പ് 233, കൊളംബിയയ്ക്കും പനാമയ്ക്കും ഇടയിലുള്ള ഡാരിയന്‍ ഗ്യാപ് 174 എന്നിങ്ങനെയാണ് കണക്കുകള്‍. ഏഷ്യയില്‍ കുടിയേറ്റ പാതയില്‍ മരിക്കുന്നവരില്‍ ഏറെയും മ്യാന്മറില്‍നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളും, അഫ്ഗാനില്‍നിന്ന് ഓടിപ്പോകുന്നവരുമാണ്. റോഹിങ്ക്യന്‍ കുടിയേറ്റക്കാർക്കിടയിലെ മരണം ഇരട്ടിയിലധികമായി വർധിച്ചു. 2023ല്‍ 436 ആയിരുന്നത് 2024ല്‍ 889 ആയി. അഫ്ഗാന്‍ കുടിയേറ്റക്കാരിലെ മരണനിരക്കില്‍ 39 ശതമാനമാണ് വര്‍ധന. 2022ല്‍ 1,517 അഫ്ഗാനികളെങ്കിലും കുടിയേറ്റപാതകളില്‍ മരിച്ചുവീണിട്ടുണ്ട്.

ഈ കണക്കുകളൊന്നും കൃത്യമല്ലെന്ന് യുഎന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചും, അന്യായ മാര്‍ഗങ്ങളിലൂടെയുമാണ് പലരും രക്ഷപ്പെടുന്നത്. അതിനിടെ സംഭവിക്കുന്ന അപകടമോ, മരണമോ ഒന്നും പുറംലോകം തന്നെ അറിയുന്നുണ്ടാകില്ല. കൊള്ളക്കാരാലോ, ഭീകരരാലോ കൊല്ലപ്പെടുന്നവര്‍, തട്ടിക്കൊണ്ടുപോകപ്പെടുന്നവര്‍ തുടങ്ങി പ്രതികൂല കാലാവസ്ഥയില്‍ കടലിലോ മണ്ണിലോ അടിയുന്നവര്‍ ഉള്‍പ്പെടെ എല്ലാത്തരം കണക്കുകള്‍ക്കും പുറത്താണ്. ഈ മരണങ്ങള്‍ക്കെല്ലാം ആരാണ് മറുപടി പറയുക?

SCROLL FOR NEXT