നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും Source: Facebook/ Narendra Modi
WORLD

"ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല"; ട്രംപുമായുള്ള 35 മിനുട്ട് ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി

"ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ നിലവിൽ വന്നത് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ"

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ നിലവിൽ വന്നത് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞു. തീരുമാനം ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ ച‍ർച്ചയ്ക്ക് പിന്നാലെയാണ്, അമേരിക്ക ഇതിൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും നരേന്ദ്ര മോദി ട്രംപിനോട് പറഞ്ഞു. വെടിനിർത്തൽ പാകിസ്ഥാൻ്റെ അഭ്യർഥന മാനിച്ചാണെന്നും മോദി പറഞ്ഞു. വെടിനിർത്തലിന് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിൻ്റെ വാദത്തെ തള്ളുന്നതായിരുന്നു മോദിയുടെ പ്രസ്താവന.

ഇരുനേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതേക്കുറിച്ച് സംസാരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങിയതിനാൽ ഇരു നേതാക്കൾക്കും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. ട്രംപിന്റെ അഭ്യർഥനപ്രകാരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ വിഷയം ഉയർന്നുവന്നതെന്ന് വിക്രം മിസ്രി പറഞ്ഞു. ഇരുവരും 35 മിനുട്ടോളം ഫോണിൽ സംസാരിച്ചുവെന്നും മിസ്രി പറയുന്നു.

ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിച്ചിട്ടില്ല, ഒരിക്കലും സ്വീകരിക്കുകയുമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞു. മെയ് ഏഴ് മുതൽ പത്ത് വരെ ഉണ്ടായ ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലുകളിലൊന്നും ഇന്ത്യ-യുഎസ് വ്യാപാര കരാർ അല്ലെങ്കിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ അമേരിക്കയുടെ മധ്യസ്ഥത തുടങ്ങിയവ ച‍ർച്ചയായിട്ടില്ലെന്നും മോദി ട്രംപിനോട് വ്യക്തമാക്കി.

മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘ‍ർഷം അവസാനിപ്പിക്കുന്നതായി ആദ്യമായി പ്രഖ്യാപിച്ചത് ട്രംപാണ്. ഒരു ഔദ്യോഗിക അമേരിക്കൻ പ്രസ്താവനയിൽ ഈ സംഭവവികാസത്തെ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തലാണ് എന്നും വിശേഷിപ്പിച്ചിരുന്നു. അതിന് ശേഷവും പല തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘ‍ർഷം അവസാനിപ്പിച്ചത് യുഎസിൻ്റെ ഇടപെടലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, സൈനിക മേധാവികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ച‍ർച്ചയിലാണ് തീരുമാനമായത് എന്ന് വ്യക്തമാക്കിയെങ്കിലും പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ആദ്യമായാണ്.

SCROLL FOR NEXT