ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ. 'ഓപ്പറേഷൻ സിന്ധു' പ്രകാരം ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട് എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ഒഴിപ്പിക്കലിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്.
എല്ലാ ഇന്ത്യൻ പൗരന്മാരും ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ(https://www.indembassyisrael.gov.in/indian_national_reg) രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്യാൻ അഭ്യർഥിക്കുന്നു. എന്തെങ്കിലും സംശയങ്ങൾക്ക്, ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിട്ടുള്ള 24/7 കൺട്രോൾ റൂമുമായി ബന്ധപ്പെടാം: ടെലിഫോൺ നമ്പറുകൾ: +972 54-7520711; +972 54-3278392; ഇമെയിൽ: cons1.telaviv@mea.gov.in," പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവർത്തിച്ചു പറഞ്ഞു.
ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് ഇറാനിൽ നിന്നും ആദ്യ വിദ്യാർഥി സംഘം ഡൽഹിയിൽ എത്തിയിരുന്നു. അർമേനിയയിൽ നിന്നുള്ള 110 പേരടങ്ങുന്ന വിദ്യാർഥി സംഘമാണ് ഡൽഹിൽ എത്തിയത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇറാനിൽ 13,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും മെഡിക്കൽ ബിരുദം നേടുന്നവരുമാണ്.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷാവസ്ഥയില്‍ തുടരാന്‍ ആരംഭിച്ചിട്ട് ഇന്നേക്ക് എട്ട് ദിവസം പിന്നിടുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രതികരിച്ചത്.
ആധുനികകാലത്തെ ഹിറ്റ്ലറാണ് ഖമേനി. ഇറാന്‍ പോലുള്ള രാജ്യത്തിന്റെ തലവനായും, ഇസ്രയേലിന്റെ നാശം പ്രഖ്യാപിത ലക്ഷ്യമാക്കുകയും ചെയ്ത ഖമേനിയെപ്പോലെയുള്ള ഒരു സ്വേച്ഛാധിപതി തുടരുന്നത് അനുവദിക്കാനാകില്ലെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
യുഎസിനോട് ഇസ്രയേല്‍ സഹായം അഭ്യർഥിക്കുന്നത് 'ബലഹീനതയുടെ ലക്ഷണമാണെന്ന്' ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചു.