ന്യൂഡല്‍ഹി: പാക് ഭീകരന്‍ മസൂദ് അസ്‌റിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ജെയ്‌ഷെ കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരിയുടെ വീഡിയോയിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പറയുന്നത്. പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ കാബൂളിലും ഡല്‍ഹിയിലും കാണ്ഡഹാറിലും ആക്രമണം നടത്തി. എല്ലാം ത്യജിച്ചിട്ടും ഇന്ത്യന്‍ സേന ബഹാവല്‍പൂരില്‍ നടത്തിയ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബം കൊല്ലപ്പെട്ടെന്ന് ജെയ്‌ഷെ കമാന്‍ഡര്‍ പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി മെയ് മാസം 7നാണ് പാക് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്.
പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഭീകരാവദത്തെ സ്വീകരിച്ചു കൊണ്ട് ഞങ്ങള്‍ ഡല്‍ഹിയിലും കാബൂളിലും കാണ്ഡഹാറിലും ആക്രമണം നടത്തി. എല്ലാം ത്യജിച്ചിട്ടും മെയ് ഏഴിന് ബഹാവല്‍പൂരില്‍ ഇന്ത്യന്‍ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ ഛിന്നഭിന്നമാക്കിയെന്നായിരുന്നു മസൂദ് ഇല്യാസ് കശ്മീരിയുടെ വാക്കുകള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് ഏഴിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി 14ാം ദിവസമാണ് ഇന്ത്യയുടെ മറുപടി നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള സൈനിക നടപടിയില്‍ നൂറിലധികം ഭീകരരെ വധിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യം അറിയിച്ചത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 13 സൈനികര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ പിന്നീട് സമ്മതിച്ചിരുന്നു.