യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്നിക്ക് Source: X
WORLD

"രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ മാപ്പ് പറയും, ട്രംപുമായി കരാറില്‍ ഏർപ്പെടും"; വെല്ലുവിളിയുമായി യുഎസ് വാണിജ്യ സെക്രട്ടറി

ബ്ലൂംബെർഗിനോട് സംസാരിക്കവേ ആയിരുന്നു യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വിമർശനവുമായി യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്നിക്ക്. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന യുഎസ് സമ്മർദത്തിന് വഴിപ്പെടാതെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു വ്യാപാര കരാറില്‍ ഏർപ്പെടാന്‍ ഇന്ത്യ തിരിച്ചെത്തുമെന്ന് യുഎസ് വാണജ്യ സെക്രട്ടറി അറിയിച്ചു.

ബ്ലൂംബെർഗിനോട് സംസാരിക്കവേ ആയിരുന്നു യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകും. ക്ഷമ ചോദിക്കുമെന്നും ട്രംപുമായി ഒരു കരാറില്‍ ഏർപ്പെടാന്‍ ശ്രമിക്കുമെന്നുമാണ് കരുതുന്നതെന്ന് ഹോവാർഡ് ലട്നിക് പറഞ്ഞു. ഇന്ത്യ യുഎസിനെ പിന്തുണച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും ലട്നിക് നല്‍കി.

ഇന്ത്യയേയും റഷ്യയേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിന് ശേഷമാണ് വാണിജ്യ സെക്രട്ടറിയുടെ ഈ പ്രസ്താവന വരുന്നതെന്നത് ശ്രദ്ധേയമാണ്. ചൈനയുടെ പടുകുഴിയിൽ വീണ് ഇന്ത്യയേയും റഷ്യയേയും നഷ്ടപ്പെട്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ഒരുമിച്ച് നിന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

എന്നാല്‍, പിന്നീട് ഈ കാര്യം വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തില്‍ ഉയർന്നുവന്നപ്പോള്‍ മയപ്പെടുത്തിയാണ് ട്രംപ് സംസാരിച്ചത്. മോദി മികച്ച പ്രധാനമന്ത്രിയും സുഹൃത്തുമാണെന്ന് പറഞ്ഞ ട്രംപ്, റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ അതൃപ്തിയും പ്രകടിപ്പിച്ചു. അതിനുള്ള ശിക്ഷയായിട്ടാണ് ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതെന്ന ധ്വനി യുഎസ് പ്രസിഡന്റിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

അതേസമയം, യുഎസുമായുള്ള ഉഭയകക്ഷി ബന്ധം പ്രധാനപ്പെട്ടതാണെന്നാണ് വെള്ളിയാഴ്ച നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. വ്യാപാര വിഷയങ്ങളിൽ യുഎസുമായി ഇടപഴകുന്നത് തുടരുമെന്നും ജയ്സ്വാള്‍ അറിയിച്ചിരുന്നു.

SCROLL FOR NEXT