വാഷിങ്ടൺ: 2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് രേഖപ്പെടുത്തിയ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. മുകേഷ്കുമാർ സോഭായ് ചൗധരി ആണ് അറസ്റ്റിലായത്. മിനസോട്ട നിയമപ്രകാരം താൻ യു.എസ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വോട്ടർ സർട്ടിഫിക്കറ്റിൽ 2024 നവംബർ 5-ന് ചൗധരി ഒപ്പുവെക്കുകയും, തുടർന്ന് വ്യാജ പ്രസ്താവന നടത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് വ്യാജ വിവരം നൽകിയതിനും പൗരത്വം വ്യാജമായി അവകാശപ്പെട്ടതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഓരോ വകുപ്പ് പ്രകാരവും അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ അനധികൃതമായി വോട്ട് ചെയ്യുന്ന വിദേശികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) സെക്രട്ടറി മാർക്ക്വേൻ മുള്ളിൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാരുടെ വോട്ടുകൾ അനധികൃതമായി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അമേരിക്കൻ നേതാക്കളെ തെരഞ്ഞെടുക്കേണ്ടത് അമേരിക്കൻ പൗരന്മാർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.