ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു. ഇന്ത്യൻ HAL തേജസ് വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അപകടം. എയർഷോയിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു അപകടം. പൈലറ്റിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
കാഴ്ചക്കാർ പകർത്തിയ അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുത്തനെ താഴോട്ട് പതിക്കുന്ന വിമാനം നിലത്ത് പതിച്ചയുടനെ തീഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട്ടിലെ സുലൂരിലെ സ്ക്വാഡ്രണിൽ നിന്നുള്ള വിമാനമായിരുന്നു തകർന്നു വീണ LCA തേജസ്. റഷ്യൻ നിർമ്മിത മിഗ് 21 വിരമിച്ച ശേഷം ഇന്ത്യൻ എയർഫോഴ്സിൻ്റെ ഭാഗമാവേണ്ടത് LCA തേജസ് ആയിരുന്നു. യുദ്ധവിമാനങ്ങളിലെ വളരെ ചെറുതും ഭാരക്കുറവുള്ളതുമായ എയർക്രാഫ്റ്റ് ആണ് തേജസ്.
രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എയർഷോകളിലൊന്നായ ദുബായ് എയർ ഷോയിൽ യുദ്ധവിമാനങ്ങളുടെ ഗണത്തിൽ ഇന്ത്യയിൽ നിന്നുള്ള തേജസ് വിമാനങ്ങൾ കഴിഞ്ഞ തവണ ശ്രദ്ധയാകർഷിച്ചിരുന്നു. നവംബർ 17 മുതൽ ആരംഭിച്ച എയർ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് അപകടം.