പ്രതീകാത്മക ചിത്രം 
WORLD

യുഎസ്-ജര്‍മനി വിമാനത്തില്‍ യാത്രക്കാരെ ഫോര്‍ക്ക് കൊണ്ട് കുത്തിയും മുഖത്തടിച്ചും അതിക്രമം; ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

ഇയാള്‍ കൈ ഉയര്‍ത്തി ഒരു സാങ്കല്‍പ്പിക തോക്ക് ഉണ്ടാക്കി, തന്റെ വായില്‍ വെച്ച് പൊട്ടിക്കുന്നതായി കാണിച്ചു.

Author : ന്യൂസ് ഡെസ്ക്

യുഎസ്-ജര്‍മനി വിമാനത്തില്‍ ഇന്ത്യന്‍ പൗരന്‍ 17 വയസുള്ള രണ്ട് കുട്ടികളെ ഫോര്‍ക്ക് കൊണ്ട് ആക്രമിച്ചെന്ന് പരാതി. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്നയാൾക്കെതിരെ യുഎസ് പൊലീസ് കേസെടുത്തു. ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിയതിനും അടിച്ചതിനുമാണ് കേസ്.

ചിക്കാഗോയില്‍ നിന്നും ജര്‍മനിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു സംഭവം. 17കാരനായ യാത്രക്കാരനെ പ്രണീത് കുമാര്‍ മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മറ്റൊരു കുട്ടിയെയും അതേ ഫോര്‍ക്ക് ഉപയോഗിച്ച് തലയുടെ പിറകിലും കുത്തിയെന്നാണ് പരാതി.

ആദ്യം ആക്രമിക്കപ്പെട്ട കുട്ടി വിമാനത്തില്‍ നടുവിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു. ഉണര്‍ന്ന് നോക്കുമ്പോള്‍ പ്രണീത് കുമാര്‍ മുന്നില്‍ നില്‍ക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് ഫോര്‍ക്ക് എടുത്ത് കുത്തുകയായിരുന്നെന്നും ആണ്‍കുട്ടി പറഞ്ഞു. തന്നെ ആക്രമിച്ച ശേഷം അടുത്ത കുട്ടിയെയും ആക്രമിച്ചുവെന്നും കുട്ടി പറഞ്ഞു.

പിന്നാലെ പ്രണീത് കുമാറിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ, ഇയാള്‍ കൈ ഉയര്‍ത്തി ഒരു സാങ്കല്‍പ്പിക തോക്ക് ഉണ്ടാക്കി, വായില്‍ വച്ച് പൊട്ടിക്കുന്നതായി കാണിച്ചു. അത് കഴിഞ്ഞ് ഇയാള്‍ മറ്റൊരു വനിതാ യാത്രക്കാരിയുടെ മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗത്തെക്കൂടി ആക്രമിക്കാന്‍ ശ്രമിച്ചു.

ആക്രമണത്തിന് പിന്നാലെ വിമാനം ബോസ്റ്റണ്‍ അന്താരാഷ്ട്ര എയര്‍ പോര്‍ട്ടില്‍ ഇറക്കി പ്രണീത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. യുഎസില്‍ സ്റ്റുഡന്റ് വിസയിലാണ് 28കാരനായ പ്രണീത് കുമാര്‍ എത്തിയത്.

SCROLL FOR NEXT